മുംബൈ: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പും ഈ വര്‍ഷം കൊവിഡ് മൂലം അടുത്തവര്‍ഷത്തേക്ക് മാറ്റിയ ടി20 ലോകകപ്പും തമ്മില്‍ വെച്ചുമാറുന്നത് സംബന്ധിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ക്രിക്കറ്റ് ഓസ്ട്രേലിയ മേധാവി ഏള്‍ എഡ്ഡിംഗ്സും നിക്ക് ഹോക്‌ലിയുമായും ചര്‍ച്ച നടത്തും. വെള്ളിയാഴ്ച ചേരുന്ന ഐസിസി ബോര്‍ഡ് യോഗത്തിനിടെയായിരിക്കും ഇരു ബോര്‍ഡ് പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തുക.

അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പ് 2022ലേക്ക് മാറ്റുകയും ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടത്തുകയുമാണ് ചര്‍ച്ചയുടെ പ്രധാന അജണ്ട. അടുത്ത വര്‍ഷം ന്യൂസിലന്‍ഡില്‍ നടക്കേണ്ട വനിതാ ഏകദിന ലോകകപ്പ് അടക്കമുള്ള ഐസിസി ടൂര്‍ണമെന്റുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് വെള്ളിയാഴ്ച ഐസിസി ബോര്‍ഡ് യോഗം ചേരുന്നത്.  ഈ വര്‍ഷം ഒക്ടോബര്‍ 18ന് ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പാണ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടുത്തവര്‍ഷത്തേക്ക് മാറ്റിയത്.

അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പോ, ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പോ 2022ലേക്ക് മാറ്റിയില്ലെങ്കില്‍ ഒരുവര്‍ഷം രണ്ടു ലോകകപ്പ് നടക്കുന്ന സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാനാണ് ഐസിസി ശ്രമിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായത് കണക്കിലെടുത്ത് ഈ വര്‍ഷം നടക്കേണ്ട ടി20 ലോകകപ്പിന് അടുത്തവര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയ തന്നെ വേദിയായേക്കുമെന്നാണ് സൂചന.

ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പ് 2022ലേക്ക് മാറ്റുകയും ചെയ്യും. എന്നാല്‍ ഇതിന് ബിസിസിഐ തയാറാവണമെങ്കില്‍ പുതിയ ഐസിസി പ്രസിഡന്റ് സംബന്ധിച്ച് ചില ഉറപ്പുകള്‍ക്കായി ബിസിസിഐ ക്രിക്കറ്റ് ഓസ്ട്രേലിയയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വാര്‍ത്തകളുണ്ട്.