കൈകൾ കൊണ്ട് ആംഗ്യം കാണിച്ചും ശബ്ദമുയർത്തിയും ഹാർദിക് മുരളി കാർത്തിക്കിനോട് സംസാരിക്കുമ്പോൾ, കാർത്തിക് അദ്ദേഹത്തെ ശാന്തനാക്കാൻ ശ്രമിക്കുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാവുന്നത്.
റായ്പൂര്‍: ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20 മത്സരത്തിന് തൊട്ടുമുമ്പ് ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയും കമന്‍റേറ്ററും ഇന്ത്യൻ മുന്‍കാരവുമായ മുരളി കാർത്തിക്കും തമ്മിൽ മൈതാനത്ത് വെച്ച് നടന്ന വാക് പോര് ചർച്ചയാകുന്നു. സ്റ്റേഡിയത്തിലെത്തിയ ഒരു ആരാധകൻ പകർത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനായി മൈതാനത്തേക്ക് എത്തിയതായിരുന്നു ഹാർദിക് പാണ്ഡ്യ. ബൗണ്ടറി ലൈനിന് സമീപം വെച്ച് മുരളി കാർത്തിക്കിനെ കണ്ട ഹാർദിക് ആദ്യം അദ്ദേഹത്തിന് ഹസ്തദാനം നൽകി. എന്നാൽ തൊട്ടുപിന്നാലെ ഹാർദിക് പാണ്ഡ്യ പ്രകോപിതനായി സംസാരിക്കുന്നത് വീഡിയോയിൽ കാണാം.
കൈകൾ കൊണ്ട് ആംഗ്യം കാണിച്ചും ശബ്ദമുയർത്തിയും ഹാർദിക് മുരളി കാർത്തിക്കിനോട് സംസാരിക്കുമ്പോൾ, കാർത്തിക് അദ്ദേഹത്തെ ശാന്തനാക്കാൻ ശ്രമിക്കുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാവുന്നത്. കൃത്യമായി എന്ത് കാര്യത്തിനാണ് ഇരുവരും തർക്കിച്ചതെന്ന് വ്യക്തമല്ലെങ്കിലും, മുൻപ് കമന്‍ററിറിക്കിടെ പാണ്ഡ്യയെക്കുറിച്ച് കാർത്തിക് നടത്തിയ ചില പരാമർശങ്ങളാകാം താരത്തെ പ്രകോപിപ്പിച്ചതെന്ന് ആരാധകർ കരുതുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസും ലക്നൗ സൂപ്പര്‍ ജയന്‍റ്സും തമ്മിലുള്ള മത്സരത്തില്‍ മുംബൈ 12 റണ്‍സിന് തോറ്റ കളിയില്‍ ഹാര്‍ദ്ദിക്കിന്‍റെ തന്ത്രങ്ങളെ കാര്‍ത്തിക് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
തിലക് വര്‍ക്ക് താളം കണ്ടെത്താനാവാതെ പോയ മത്സരത്തില്‍ അവസാന ഓവറില്‍ തിലകിനെ റിട്ടയേര്‍ഡ് ഔട്ടാക്കി മിച്ചല്‍ സാന്‍റ്നറെ ഇറക്കിയെങ്കിലും സാന്‍റ്നര്‍ക്ക് സ്ട്രൈക്ക് നല്‍കാതെ ബാറ്റ് ചെയ്ത ഹാര്‍ദ്ദിക്കിന്‍റെ നീക്കത്തെയായിരുന്നു കാര്‍ത്തിക് വിമര്‍ശിച്ചത്. ഹാര്‍ദ്ദിക് റണ്ണോടാതെ നഷ്ടമാക്കിയ ബോളുകളില്‍ ചിലപ്പോള്‍ സാന്‍റനറായിരുന്നെങ്കില്‍ സിക്സ് അടിച്ചേനെയെന്ന് കാര്‍ത്തിക് പറഞ്ഞിരുന്നു. ഇതാണോ ഹാര്‍ദ്ദിക്കിനെ പ്രകോപിപ്പിച്ചത് എന്ന് വ്യക്തമല്ല.
ന്യൂസിലന്‍ഡിനെതിരായ രണ്ടാം മത്സരത്തിൽ ബാറ്റിംഗിന് അവസരം ലഭിച്ചില്ലെങ്കിലും ബൗളിംഗിൽ ഹാർദിക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 20 ഓവറിൽ ന്യൂസിലാൻഡ് 208 റൺസ് അടിച്ചുകൂട്ടിയ മത്സരത്തിൽ, 3 ഓവറിൽ വെറും 25 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്താൻ പാണ്ഡ്യക്ക് സാധിച്ചു. ആദ്യ മത്സരത്തിൽ 16 പന്തിൽ 25 റൺസെടുത്ത് ബാറ്റിംഗിലും ഹാര്‍ദ്ദിക് തിളങ്ങിയിരുന്നു.
