പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു സാംസണ് വലിയ സ്കോറുകൾ കണ്ടെത്താനായിരുന്നില്ല. ആദ്യ മത്സരത്തിലും 10 ഉം, രണ്ടാം മത്സരത്തില്‍ ആറും റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.

ദില്ലി: ഇന്ത്യൻ ടി20 ടീമിൽ മലയാളി താരം സഞ്ജു സാംസന്‍റെ സ്ഥാനം ഭീഷണിയിലാണെന്ന മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ന്യൂസിലാൻഡിനെതിരായ രണ്ടാം ടി20യിൽ ഇഷാൻ കിഷൻ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് സഞ്ജുവിന് മേൽ സമ്മർദ്ദം വർധിപ്പിക്കുന്നതെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഗുവാഹത്തിയിൽ നാളെ നടക്കാനിരിക്കുന്ന മൂന്നാം മത്സരത്തിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിൽ സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനം നഷ്ടമായേക്കുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു സാംസണ് വലിയ സ്കോറുകൾ കണ്ടെത്താനായിരുന്നില്ല. ആദ്യ മത്സരത്തിലും 10 ഉം, രണ്ടാം മത്സരത്തില്‍ ആറും റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. എന്നാൽ റായ്പൂരിൽ നടന്ന രണ്ടാം മത്സരത്തിൽ 32 പന്തിൽ 76 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ കിഷൻ പ്ലേയിംഗ് ഇലവനിലെ തന്‍റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. പരിക്കേറ്റ തിലക് വർമ്മ മടങ്ങിയെത്തിയാൽ സഞ്ജുവിന് പകരം ഇഷാനെ ടീമിൽ നിലനിർത്താനാണ് സാധ്യതയെന്ന് ചോപ്ര വിലയിരുത്തുന്നു.

തിരിച്ചുവരവുകൾ അരങ്ങേറ്റത്തേക്കാൾ കഠിനമാണ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിട്ടും രണ്ടാം മത്സരത്തിൽ ഇഷാൻ കാണിച്ച ആത്മവിശ്വാസം പ്രശംസനീയമാണ്. സഞ്ജു ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ്. റൺസ് കണ്ടെത്തിയാൽ മാത്രമേ സഞ്ജുവിന് ഇനി ടീമിൽ പിടിച്ചുനിൽക്കാനാകൂ. ആകാശ് ചോപ്ര പറഞ്ഞു.

ഇഷാൻ കിഷന്‍റെ ഈ പ്രകടനം ഭാഗ്യം കൊണ്ടുകൂടി വന്നതാണെന്ന് ചോപ്ര നിരീക്ഷിക്കുന്നു. ടീമിലെ വൈസ് ക്യാപ്റ്റനെ മാറ്റിയതും, തിലക് വർമ്മയ്ക്ക് പരിക്കേറ്റതും സഞ്ജു തുടർച്ചയായി നിരാശപ്പെടുത്തിയതും ഇഷാന് അവസരം നൽകി. സർഫറാസ് ഖാനെപ്പോലെ വലിയ റൺസ് എടുക്കുന്നവർ പോലും ടീമിൽ ഇടം കിട്ടാതെ നിൽക്കുമ്പോൾ, കിട്ടിയ അവസരം ഇഷാൻ കൃത്യമായി ഉപയോഗിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിലക് തിരിച്ചുവരുമ്പോള്‍

വിജയ് ഹസാരെ ട്രോഫിക്കിടെ പരിക്കേറ്റ് ആദ്യ മൂന്ന് ടി20 മത്സരങ്ങ‌ക്കുള്ള ടീമില്‍ നിന്ന് പുറത്തായ തിലക് വർമ്മ അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് തിരിച്ചെത്തിയാൽ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റിംഗ് പൊസിഷനുകളിലും ഇടംകൈയ്യൻമാർ (അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ) വരാനുള്ള സാധ്യതയുണ്ട്. ടോപ് ഓർഡറിൽ മൂന്ന് ഇടംകൈയ്യൻമാർ വരുന്നത് ടീമിന് വെല്ലുവിളിയാകുമോ എന്ന ആശങ്കയും ചോപ്ര പങ്കുവെച്ചു. മുൻപ് ടോപ് ഓർഡറിൽ മൂന്ന് വലംകൈയ്യൻമാർ കളിച്ചിട്ടുണ്ട്, അതിൽ തെറ്റൊന്നുമില്ല. എങ്കിലും മൂന്ന് ഇടംകൈയ്യൻമാർ എന്നത് കുറച്ച് സാഹസമായി തോന്നാമെന്നും ചോപ്ര പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. ഞായറാഴ്ച ഗുവാഹത്തിയിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക