Asianet News MalayalamAsianet News Malayalam

സഞ്ജു സാംസണ്‍ ഏഷ്യാ കപ്പിനില്ല, കോലിയും രാഹുലും തിരിച്ചെത്തി; വെറ്ററന്‍ താരങ്ങള്‍ ടീമില്‍

നാല് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. അശ്വിന് പുറമെ രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയ് എന്നിവരാണ് സ്പിന്നര്‍മാര്‍. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍ എന്നിവര്‍ പേസര്‍മാരായും ടീമിലെത്തി.

BCCI announced squad for Asia Cup without Sanju Samson and Kohli back
Author
Mumbai, First Published Aug 8, 2022, 9:33 PM IST

മുംബൈ: ഏഷ്യ കപ്പ് ടി20യ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണില്ല (Sanju Samson). പതിനഞ്ചംഗ ടീമിനെ രോഹിത് ശര്‍മ (Rohit Sharma) നയിക്കും. കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. വിശ്രമത്തിലായിരുന്ന വിരാട് കോലിയെ (Virat Kohli) ടീമിലേക്ക് തിരിച്ചുവിളിച്ചു. വെറ്ററന്‍ താരം ആര്‍ അശ്വിനും ടീമിലിടമുണ്ട്. റിഷഭ് പന്തിന് പുറമെ സീനിയര്‍ താരം ദിനേശ് കാര്‍ത്തികിനേയും വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തി. ഇതോടെ സഞ്ജുവും ഇഷാന്‍ കിഷനും പുറത്തായി. ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍ എന്നിവര്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളാണ്.

നാല് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. അശ്വിന് പുറമെ രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയ് എന്നിവരാണ് സ്പിന്നര്‍മാര്‍. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍ എന്നിവര്‍ പേസര്‍മാരായും ടീമിലെത്തി. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സേവനവും ഉപയോഗപ്പെടുത്തും. പുറം വേദനയെ തുടര്‍ന്ന് സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ലോകകപ്പിന് മുമ്പ് താരത്തെ പൂര്‍ണ കായികക്ഷമതയോടെ നിലനിര്‍ത്തണം എന്നുള്ളതുകൊണ്ടാണ് ഏഷ്യ കപ്പില്‍ നിന്നൊഴിവാക്കുന്നത്. ഈമാസം 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ജൂലൈ 14ന് ഇംഗ്ലണ്ടിനെതിരാ ഏകദിനത്തിലാണ് ബുമ്ര അവസാനമായി കളിച്ചത്. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന- ടി20 മത്സരങ്ങളില്‍ നിന്ന് താരത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഇന്ത്യക്ക് നഷ്ടമാവുന്ന രണ്ടാമത്തെ പേസറാണ് ബുമ്ര. നേരത്തെ ഹര്‍ഷല്‍ പട്ടേലിനേയും (Harshal Patel) പരിക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പില്‍ നിന്നൊഴിവാക്കിയിരുന്നു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍.

'ഈസി ചേട്ടാ...'; റിഷഭ് പന്തിനേയും മലയാളം പഠിപ്പിച്ച് സഞ്ജു, ഫീല്‍ഡിംഗിനിടെയുള്ള സംസാരം വൈറല്‍- വീഡിയോ കാണാം

ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടായിരിക്കും മത്സരങ്ങള്‍ നടത്തുക. ദുബായിയും ഷാര്‍ജയുമാണ് മത്സരങ്ങള്‍ക്ക് വേദിയാവുക. ഇന്ത്യയും പാക്കിസ്ഥാനും ബി ഗ്രൂപ്പിലാണ്. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ഒരു ടീം കൂടി ഈ ഗ്രൂപ്പിലുണ്ടാകും. ഹോങ്കോങ്, കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ ടീമുകളാണ് യോഗ്യതാ പോരാട്ടത്തില്‍ മാറ്റുരക്കുന്ന ടീമുകള്‍.

27ന് ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തോടെ തുടക്കമാകുന്ന ടൂര്‍ണമെന്റില്‍ 28നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം.  ദുബായിയാണ് ഇന്ത്യ-പാക് പോരാട്ടത്തിന് വേദിയാവുക. 30ന് ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍ മത്സരം നടക്കും. 31ന് ദുബായില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന ടീമിനെ നേരിടും.

ഇരിപ്പുറക്കാത്ത ആവേശം; വനിതാ ഫൈനല്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം കണ്ടതിങ്ങനെ

Follow Us:
Download App:
  • android
  • ios