മത്സര ശേഷം പുരുഷ ടീം ഡ്രസിംഗ് റൂമില്‍ കൂട്ടംകൂടിയിരുന്ന് വനിതകളുടെ ഫൈനല്‍ കണ്ടു

ഫ്ലോറിഡ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം(Indian Women's Cricket Team) ഇന്നലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍(CWG 2022) ഓസ്‌ട്രേലിയക്കെതിരായ ഫൈനല്‍ കളിക്കുമ്പോള്‍ ഫ്ലോറിഡയിലായിരുന്നു പുരുഷ ടീം(Indian Men's Cricket Team). വെസ്റ്റ് ഇന്‍ഡീസിന് എതിരായ അഞ്ചാം ടി20 കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു രോഹിത്തും സംഘവും. എന്നാല്‍ അവസാന ഓവറുകളിലേക്ക് നീങ്ങിയ വനിതാ ഫൈനലിന്‍റെ ആവേശവും ആകാംക്ഷയും ഇവര്‍ക്കുമുണ്ടായിരുന്നു. 

മത്സര ശേഷം പുരുഷ ടീം ഡ്രസിംഗ് റൂമില്‍ കൂട്ടംകൂടിയിരുന്ന് വനിതകളുടെ ഫൈനല്‍ കണ്ടു. രോഹിക് ശര്‍മ്മ, ദിനേശ് കാര്‍ത്തിക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ തുടങ്ങിയ താരങ്ങളെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം താരങ്ങള്‍ വനിതകളുടെ ഫൈനല്‍ കാണുന്ന ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തു. കലാശപ്പോരിന്‍റെ എല്ലാ സമ്മര്‍ദവും ആകാംക്ഷയും താരങ്ങളുടെ മുഖത്ത് വ്യക്തം. 

Scroll to load tweet…

ആവേശം അവസാന ഓവറിലേക്ക് നീണ്ടെങ്കിലും സ്വര്‍ണ മെഡല്‍ കയ്യെത്തും ദൂരത്ത് ഇന്ത്യന്‍ വനിതകള്‍ക്ക് നഷ്‌ടമായി. ഓസ്ട്രേലിയ 9 റൺസിന് വിജയിച്ച് കിരീടം ചൂടി. ഓസീസിന്‍റെ 161 റൺസ് പിന്തുടർന്ന ഇന്ത്യ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ പോരാട്ടത്തിനിടയിലും 152 റൺസിന് പുറത്താവുകയായിരുന്നു. 65 റൺസെടുത്ത ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 118-2 എന്ന നിലയിൽ നിന്നായിരുന്നു തോല്‍വിയിലേക്കുള്ള ഇന്ത്യന്‍ വീഴ്‌ച. ഷെഫാലി വർമ്മ 11ഉം സ്മൃതി മന്ദാന ആറും ജമീമ റോഡ്രിഗസ് 33ഉം റൺസെടുത്ത് മടങ്ങി. ഓസീസിനായി ആഷ്‌ലി ഗാര്‍ഡ്‌നര്‍ മൂന്നും മെഗന്‍ ഷൂട്ട് രണ്ടും ഡാര്‍സീ ബ്രൗണും ജെസ്സ് ജോനാസ്സനും ഓരോ വിക്കറ്റും നേടി. 

നേരത്തെ 41 പന്തില്‍ 61റൺസെടുത്ത ബേത്ത് മൂണിയുടെ കരുത്തിലാണ് ഓസീസ് വനിതകള്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 161 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് 36ഉം ആഷ്‌ലീ ഗാര്‍ഡ്‌നര്‍ 25ഉം റേച്ചല്‍ ഹേന്‍സ് 10 പന്തില്‍ പുറത്താകാതെ 18ഉം റണ്‍സെടുത്തു. ഇന്ത്യക്കായി രേണുക സിംഗും സ്‌നേഹ് റാണയും രണ്ട് വീതവും ദീപ്‌തി ശര്‍മ്മയും രാധാ യാദവും ഓരോ വിക്കറ്റും സ്വന്തമാക്കി.

അല്ലേലും കട്ട ചങ്കുകള്‍ ഇങ്ങനെയാണ്; യാസ്‌തിക ഭാട്യയുടെ അമളി ആഘോഷമാക്കി സഹതാരങ്ങള്‍- വീഡിയോ വൈറല്‍