മാര്‍ച്ച് 23ന് ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരെ കളിക്കുക. 

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. വിരാട് കോലി നയിക്കുന്ന ടീമിന്‍റെ ഉപനായകന്‍ രോഹിത് ശര്‍മ്മയാണ്. സൂര്യകുമാര്‍ യാദവ്, പ്രസിദ്ധ് കൃഷ്‌ണ, ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് ഏകദിന ടീമിലെ പുതുമുഖങ്ങള്‍. ടി20 പരമ്പര നഷ്‌ടമായ പേസര്‍ ജസ്‌പ്രീത് ബുമ്രയെ ഏകദിന ടീമിലേക്ക് പരിഗണിച്ചില്ല. 

മാര്‍ച്ച് 23ന് ആരംഭിക്കുന്ന പരമ്പരയില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരെ കളിക്കുക. പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ ടി20യില്‍ 2-2ന് തുല്യത പാലിക്കുകയാണ്. അഞ്ചാമത്തേയും അവസാനത്തേയും ടി20 ശനിയാഴ്‌ച നടക്കും. 

ഈ പരമ്പരയ്‌ക്കിടെ സൂര്യകുമാര്‍ ടി20 അരങ്ങേറ്റം നടത്തിയിരുന്നു. തന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ 31 പന്തില്‍ 57 റണ്‍സുമായി തിളങ്ങി. ഇന്ത്യക്കായി 18 ടി20കള്‍ കളിച്ചിട്ടുള്ള ക്രുനാലിന് ഏകദിന ക്ഷണം ലഭിക്കുന്നത് ഇതാദ്യമാണ്. അടുത്തിടെ അവസാനിച്ച വിജയ് ഹസാരേ ട്രോഫിയില്‍ ബറോഡയ്‌ക്കായി മികച്ച പ്രകടനം പുറത്തെടുത്തതാണ് ഇന്ത്യന്‍ ടീമിലേക്ക് വഴിതുറന്നത്. വിജയ് ഹസാരേയില്‍ കര്‍ണാടകയ്‌ക്കായി ഏഴ് മത്സരങ്ങളില്‍ 14 വിക്കറ്റ് നേടിയത് പ്രസിദ്ധിനും തുണയായി. 

ഇന്ത്യന്‍ ടീം 

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ശുഭ്‌‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, ഷാര്‍ദുല്‍ താക്കൂര്‍. 

ജമൈക്കയ്ക്ക് കൊവിഡ് വാക്സിനെത്തി; മോദിക്ക് നന്ദിയെന്ന് വിന്‍ഡീസ് സൂപ്പര്‍ താരം