ഇതിനൊപ്പം മറ്റൊരു നിർണായക തീരുമാനവും ബിസിസിഐ കൈക്കൊണ്ടിട്ടുണ്ട്
മുംബൈ: ചൈനയിലെ ഹാങ്ഝൗ വേദിയാവുന്ന ഏഷ്യന്‍ ഗെയിംസില്‍ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളെ അയക്കാന്‍ ബിസിസിഐ അപെക്സ് കൗണ്‍സിലിന്‍റെ അംഗീകാരം. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. സെപ്റ്റംബർ 28ന് ആരംഭിക്കുന്ന പുരുഷന്‍മാരുടെ ക്രിക്കറ്റ് മത്സരങ്ങളില്‍ രണ്ടാംനിര ടീമിനെയാവും അയക്കുക. ഇതേസമയത്ത് ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാവുന്നതിനാലാണ് പുരുഷന്‍മാരുടെ രണ്ടാംനിര ടീമിനെ ഏഷ്യന്‍ ഗെയിംസിന് അയക്കുന്നത്. സെപ്റ്റംബർ 19ന് തുടങ്ങുന്ന വനിതകളുടെ മത്സരങ്ങള്‍ക്ക് പ്രധാന ടീമിനെ തന്നെ ബിസിസിഐ അയക്കും.
ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് തവണ മാത്രമാണ് ക്രിക്കറ്റ് ഭാഗമായിട്ടുള്ളത്. 2014ല്‍ ഇഞ്ചിയോണില്‍ അവസാനം ക്രിക്കറ്റ് അരങ്ങേറിയപ്പോള്‍ ഇന്ത്യ പങ്കെടുത്തിരുന്നില്ല. ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ ഇരു വിഭാഗങ്ങളിലും സ്വർണ പ്രതീക്ഷയോടെയാവും ടീം ഇന്ത്യ ഇറങ്ങുക. ഏകദിന ലോകകപ്പ് സാഹചര്യത്തില്‍ പുരുഷ ടീമിനെ ചൈനയിലെ ഗെയിംസിന് അയക്കണ്ട എന്ന് നേരത്തെ ബിസിസിഐ തീരുമാനിച്ചെങ്കിലും കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തെ തുടർന്ന് ഇരു വിഭാഗങ്ങളിലെ ടീമിനേയും അയക്കാന്‍ തീരുമാനമാവുകയായിരുന്നു.
ഇതിനൊപ്പം മറ്റൊരു നിർണായക തീരുമാനവും ബിസിസിഐ കൈക്കൊണ്ടിട്ടുണ്ട്. അടുത്ത സീസണ്‍ സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ഐപിഎല്‍ മാതൃകയില്‍ ഇംപാക്ട് പ്ലെയർ നിയമം നടക്കാനും അപെക്സ് സമിതി അനുമതി നല്‍കി. ഇംപാക്ട് പ്ലെയർ നിയമം ഐപിഎല്‍ 2023 സീസണില്‍ വിജയകരമായി നടപ്പാക്കിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്‍റില്‍ കഴിഞ്ഞ സീസണിലേ ഈ നിയമം വന്നിരുന്നുവെങ്കിലും ഒരു താരത്തിന്‍റെ പേര് മാത്രമായിരുന്നു നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഐപിഎല്‍ മാതൃകയില്‍ ടോസ് വേളയില്‍ നാല് സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളെ പ്രഖ്യാപിക്കുകയും അവരിലൊരാളെ ഇംപാക്ട് പ്ലെയറായി ഇറക്കുകയുമാണ് വേണ്ടത്.
Read more: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: പുരുഷ-വനിതാ ടീമുകളെ അയക്കാന്‍ ബിസിസിഐ, നറുക്കുവീഴുക യുവതാരങ്ങള്‍ക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
