Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും

2021ലെ ടി20 ലോകകപ്പ് വരെ രണ്ട് വര്‍ഷത്തേക്കാണ് നിയമനം. കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശകസമിതിയാണ് പ്രഖ്യാപനം നടത്തിയത്.

BCCI CAC reappoint former India captain Ravi Shastri as head coach
Author
Mumbai, First Published Aug 16, 2019, 6:32 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയെ വീണ്ടും തെരഞ്ഞെടുത്തു. 2021ലെ ടി20 ലോകകപ്പ് വരെ രണ്ട് വര്‍ഷത്തേക്കാണ് നിയമനം. കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശകസമിതിയാണ് പ്രഖ്യാപനം നടത്തിയത്. അന്തിമ പട്ടികയിലുണ്ടായിരുന്ന ആറുപേരില്‍ ഫില്‍ സിമണ്‍സ് പിന്‍മാറിയതിനാല്‍ അഞ്ചുപേരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്.

ഐപിഎല്ലിലെ ഹൈദരാബാദ് ടീം മുന്‍ കോച്ചും ഓസ്‌ട്രേലിയന്‍ മുന്‍താരവുമായ ടോം മൂഡി, ന്യൂസിലന്‍ഡിന്റെയും ഐപിഎല്‍ ടീമായ പഞ്ചാബിന്റെയും പരിശീലകനായിരുന്ന മൈക്ക് ഹെസന്‍, 2007ലെ ലോക ടി20 വിജയിച്ച ഇന്ത്യന്‍ ടീമിന്റെ മാനേജര്‍ ആയിരുന്ന ലാല്‍ചന്ദ് രജ്പുത്, മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിംഗ് എന്നിവരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. സ്കൈപ്പ് വീഡിയോ കോളിലൂടെയാണ് രവി ശാസ്ത്രിയും ടോം മൂഡിയും അഭിമുഖത്തില്‍ പങ്കെടുത്തത്. റോബിന്‍ സിംഗ്, ലാല്‍ചന്ദ് രജ്പുത്, മൈക് ഹെസന്‍ എന്നിവര്‍ അഭിമുഖത്തിന് നേരിട്ടെത്തി.

കഴിഞ്ഞ ഏകദിനലോകകപ്പോടെ രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചിരുന്നുവെങ്കിലും വെസ്റ്റ് ഇന്‍ഡീസ് പര്യടനം പൂര്‍ത്തിയാവുന്നതുവരെ 45 ദിവസത്തേക്ക് കരാര്‍ നീട്ടികൊടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ പിന്തുണയും രവി ശാസ്ത്രിക്കായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് തിരിക്കുന്നതിന് മുമ്പ് ശാസ്ത്രി തന്നെ കോച്ചായി വന്നാല്‍ സന്തോഷമെന്ന് കോലി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

കപില്‍ ദേവിന് പുറമെ അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് ഉപദേശക സമിതിയിലുണ്ടായിരുന്നത്. 2017ല്‍ അനില്‍ കുംബ്ലേയ്ക്ക് പകരം ചുമതലയേറ്റ ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. ഇക്കാലയളവില്‍ 21 ടെസ്റ്റുകളില്‍ കളിച്ചപ്പോള്‍ 13ലും ഇന്ത്യ ജയിച്ചു. 60 ഏകദിനങ്ങളില്‍ 43 എണ്ണവും 36 ടി20കളില്‍ 25ലും ഇന്ത്യ വിജയിക്കുകയുണ്ടായി.

Follow Us:
Download App:
  • android
  • ios