എന്നാല്‍ തിലക് സെലക്ടര്‍മാരുടെ പരിഗണനയിലുള്ള താരമാണെങ്കിലും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ അരങ്ങേറിയ യുവതാരം തിലക് വര്‍മയെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്ന ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ. വിന്‍ഡീസിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചുകളില്‍ തകര്‍ത്തടിച്ച തിലകിനെ ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്ന് ഇന്ത്യന്‍ താരം അശ്വിന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തിലക് സെലക്ടര്‍മാരുടെ പരിഗണനയിലുള്ള താരമാണെങ്കിലും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പരിക്കില്‍ നിന്ന് മോചിതരായ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തിയില്ലെങ്കില്‍ മാത്രമെ തിലകിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതുള്ളൂ എന്നാണ് ബിസിസിഐയുടെ നിലപാട്.

തിലകിന്‍റെ വിന്‍ഡീസിലെ പ്രകടനത്തില്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിക്ക് മതിപ്പുണ്ടെങ്കിലും ഒരു പരമ്പരയിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ യുവതാരത്തെ ലോകകപ്പ് ടീമിലെടുക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ട്. ലോകകപ്പിന്‍റെ സമ്മര്‍ദ്ദം താങ്ങാനായില്ലെങ്കില്‍ യുവതാരത്തിന്‍റെ കരിയറിനെ തന്നെ അത് ദോഷകരമായി ബാധിച്ചേക്കാം. അതിനാല്‍ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് ലോകകപ്പില്‍ കളിക്കാനായില്ലെങ്കില്‍ മാത്രം തിലകിനെ പരിഗണിച്ചാല്‍ മതിയെന്നാണ് ബിസിസിഐ നിലപാട്.

ലോകകപ്പില്‍ കളിക്കാന്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ഹീറോ തിരിച്ചുവരുന്നു

ശ്രേയസ് അയ്യരും കെ എല്‍ രാഹുലും പുറത്തിരിക്കുന്ന സാഹചര്യത്തില്‍ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനെയും സഞ്ജു സാംസണെയും ഇന്ത്യ പരീക്ഷിച്ചിരുന്നു. ഏകദിന പരമ്പരയില്‍ ഒരു മത്സരത്തില്‍ സഞ്ജു തിളങ്ങിയെങ്കിലും ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയത് തിരിച്ചടിയായി. സൂര്യകുമാര്‍ ആകട്ടെ ഏകദിന പരമ്പരയില്ർ നിരാശപ്പെടുത്തിയപ്പോള്‍ ടി20 പരമ്പരയിലെ അവസാന രണ്ട് കളികളില്‍ മാത്രമാണ് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയത്. ഈ സാഹചര്യത്തില്‍ രാഹലും അയ്യരും തന്നെയാകും ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക