മുംബൈ: ബിസിസിഐ തെര‍ഞ്ഞെടുപ്പില്‍ എന്‍ ശ്രീനിവാസന്‍റെ തന്ത്രപരമായ പിന്മാറ്റം. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി ആയി പങ്കെടുക്കുമെന്ന നിലപാടിൽ നിന്ന് ശ്രീനിവാസന്‍ പിന്മാറി. 

ശ്രീനിവാസന്‍റെ വിശ്വസ്തനും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ ആര്‍ എസ് രാമസ്വാമി പകരം പ്രതിനിധിയാകും. സംസ്ഥാന അസോസിയഷനുകളുടെ പ്രതിനിധികളെ അയോഗ്യരാക്കിയാൽ പകരം പ്രതിനിധിയെ അയക്കാന്‍ അനുവദിക്കില്ലെന്ന ബിസിസിഐ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗോപാലസ്വാമിയുടെ നിലപാടാണ് ശ്രീനിവാസന്‍റെ മനംമാറ്റത്തിന് കാരണം.

എഴുപത് വയസ്സ് കഴിഞ്ഞവര്‍ ഭാരവാഹികള്‍ ആകല്ലെന്ന ലോധാ സമിതി നിര്‍ദേശപ്രകാരം 73കാരനായ ശ്രീനിവാസന് ബിസിസിഐ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുമെന്ന നിലപാടാണ് ഇതുവരെ ശ്രീനിവാസന്‍ സ്വീകരിച്ചിരുന്നത്.