കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജിനെ വനിതാ പ്രീമിയർ ലീഗിന്‍റെ (ഡബ്ല്യുപിഎൽ) പുതിയ ചെയർമാനായി ബിസിസിഐ വാർഷിക പൊതുയോഗം ഐകകണ്ഠേന തിരഞ്ഞെടുത്തു. 

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്‍റെ പുതിയ അധ്യായമായ വനിതാ പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) ഇനി മലയാളി നേതൃത്വം. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്‍റ് ജയേഷ് ജോർജിനെ വനിതാ പ്രീമിയർ ലീഗിന്‍റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു. ഇന്ന് മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗം ഐകകണ്ഠേനയാണ് ജയേഷ് ജോർജിനെ തിരഞ്ഞെടുത്തത്. ഡബ്ല്യുപിഎല്ലിന്റെ പ്രഥമ ചെയർമാൻ എന്ന ചരിത്രനേട്ടം കൂടിയാണ് ഈ നിയമനത്തിലൂടെ ജയേഷ് ജോർജ് സ്വന്തമാക്കുന്നത്.

എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തുനിന്നാണ് ജയേഷ് ജോർജ് ക്രിക്കറ്റ് ഭരണരംഗത്ത് സജീവമാകുന്നത്. പിന്നീട് കെസിഎയുടെ ജോയന്‍റ് സെക്രട്ടറി, ട്രഷറർ, സെക്രട്ടറി, പ്രസിഡന്‍റ് എന്നീ പദവികൾ വഹിച്ച് കേരള ക്രിക്കറ്റിന്‍റെ വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകി. 2019-ൽ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിരുന്നപ്പോൾ ദേശീയ തലത്തിൽ ജോയന്‍റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 2022 മുതൽ കെസിഎ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയാണ്.

മികച്ച സംഘാടകൻ എന്ന നിലയിൽ ശ്രദ്ധേയനാണ് ജയേഷ് ജോർജ്. കേരളത്തിൽ വലിയ ആവേശമായി മാറിയ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ആരംഭിക്കുന്നതിന് മുൻകൈ എടുത്തവരിൽ പ്രമുഖനാണ് അദ്ദേഹം. ലീഗിന്‍റെ വിജയകരമായ രണ്ട് സീസണുകൾക്ക് പിന്നിലും അദ്ദേഹത്തിന്‍റെ സംഘാടക മികവ് നിർണായകമായിരുന്നു. ഈ ഭരണമികവും കായികരംഗത്തെ ദീർഘകാലത്തെ അനുഭവസമ്പത്തും ഡബ്ല്യുപിഎല്ലിന്‍റെ സുഗമമായ നടത്തിപ്പിന് ഗുണകരമാകും.

രാജ്യം സ്ത്രീശക്തിയുടെ ആഘോഷമായ നവരാത്രി കൊണ്ടാടുമ്പോൾ ലഭിച്ച ഈ സ്ഥാനലബ്ധിയിൽ അതിയായ സന്തോഷമുണ്ടെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു. തന്നിൽ വിശ്വാസമർപ്പിച്ച ബിസിസിഐയ്ക്കും പിന്തുണ നൽകിയ കേരള ക്രിക്കറ്റ് അസോസിയേഷനും നന്ദി. വിമൻസ് പ്രീമിയർ ലീഗിനെ കൂടുതൽ മികച്ചതാക്കാനും വനിതാ ക്രിക്കറ്റർമാർക്ക് പുതിയ അവസരങ്ങൾ നൽകാനും പ്രയത്നിക്കുമെന്നും ജയേഷ് ജോർജ് പറഞ്ഞു.

ജയേഷ് ജോർജിന്‍റെ നിയമനം കേരളത്തിലെ വനിതാ ക്രിക്കറ്റിന് വലിയ ഉത്തേജനമാകുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ അഭിപ്രായപ്പെട്ടു. അടുത്ത വർഷം കെസിഎ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ലീഗിന് ഈ നേട്ടം വലിയ പ്രചോദനമാകും. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഡബ്ല്യുപിഎൽ മത്സരങ്ങളും മറ്റ് പ്രധാന വനിതാ ക്രിക്കറ്റ് മത്സരങ്ങളും കേരളത്തിലേക്ക് കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിനോദ് എസ് കുമാര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക