എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന അമ്പയര്‍മാര്‍ക്ക് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ ഒരു ദിവസം നിയന്ത്രിക്കുന്നതിന് 40000 രൂപ ലഭിക്കും. ബി, സി കാറ്റഗറിയിലുള്ള അമ്പയര്‍മാര്‍ക്ക് 30000വും പ്രതിഫലമായി ലഭിക്കും.

മുംബൈ: കളിക്കാര്‍ക്കെന്ന പോലെ അമ്പയര്‍മാര്‍ക്കും എ പ്ലസ് ഗ്രേഡ് ഏര്‍പ്പെടുത്തി ബിസിസിഐ. മുന്‍ കേരള താരവും രാജ്യാന്തര അമ്പയറുമായ കെ എന്‍ അനന്തപദ്മനാഭന്‍ അടക്കം 10 അമ്പയര്‍മാരാണ് എ പ്ലസ് ഗ്രേഡിലുള്ളത്. അനന്തപദ്മനാഭന് പുറമെ മലയാളി വേരുകളുള്ള നിതിന്‍ മേനോന്‍ അനില്‍ ചൗധരി, മദന്‍ഗോപാല്‍ ജയരാമന്‍, വീരേന്ദര്‍ കുമാര്‍ ശര്‍മ, രോഹന്‍ പണ്ഡിറ്റ്,‌നിഖില്‍ പട്‌വര്‍ധന്‍, സദാശിവ അയ്യര്‍, ഉല്ലാസ് ഗാന്ധെ, നവദീപ് സിങ് സിദ്ധു എന്നിവരാണ് എ പ്ലസ് ഗ്രേഡിലുള്ള അമ്പയര്‍മാര്‍.

എ ഗ്രൂപ്പില്‍ സി ഷംസുദ്ദീന്‍ അടക്കം 20 അമ്പയര്‍മാരുണ്ട്. ബി ഗ്രൂപ്പില്‍ 60 അമ്പയര്‍മാരും ഗ്രൂപ്പ് സിയില്‍ 46 അമ്പയര്‍മാരും ഗ്രൂപ്പ് ഡിയില്‍ (60-65 പ്രായം) 11 അമ്പയര്‍മാരുമാണുള്ളത്. എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന അമ്പയര്‍മാര്‍ക്ക് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ ഒരു ദിവസം നിയന്ത്രിക്കുന്നതിന് 40000 രൂപ ലഭിക്കും. ബി, സി കാറ്റഗറിയിലുള്ള അമ്പയര്‍മാര്‍ക്ക് 30000വും പ്രതിഫലമായി ലഭിക്കും.

ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍, ധവാന്റെ ബൗണ്ടറിക്ക് പിന്നാലെ സ്റ്റേഡിയത്തില്‍ മലയാള ഗാനം- വൈറല്‍ വീഡിയോ

ഇത് അമ്പയര്‍മാരുടെ ഗ്രേഡിങ് അല്ലെന്നും ഗ്രൂപ്പായി തിരിക്കുക മാത്രമാണ് ചെയ്തതെന്നും ബിസിസിഐ പ്രതിനിധി പിടിഐയോട് പറഞ്ഞു. പുതുതായി എ പ്ലസ് എന്നൊരു വിഭാഗം കൂടി കൂട്ടിച്ചേര്‍ത്തുവെന്നത് മാത്രമെയുള്ളൂവെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി. രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്‍റുകള്‍ക്ക് ഈ ഗ്രൂപ്പില്‍ നിന്നുള്ള അമ്പയര്‍മാരെയാണ് നിയോഗിക്കുക. 2021-22 സീസണിലെ പ്രകടനങ്ങള്‍ വിലയിരുത്തിയശേഷമാണ് അമ്പയര്‍മാരെ ഗ്രൂപ്പ് ചെയ്തതെന്നും ബിസിസിഐ പറഞ്ഞു.

വിന്‍ഡീസിനെതിരെ ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ച സഞ്ജുവിന്‍റെ മിന്നല്‍ സേവ്-വീഡിയോ

2018നുശേഷം ബിസിസിഐ അമ്പയര്‍മാരുടെ പട്ടികയില്‍ ആരെയും ഉള്‍പ്പെടുത്തിയിരുന്നില്ല. കൊവിഡിനെത്തുടര്‍ന്ന് മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചതും ഇതിന് കാരണമായി. എന്നാല്‍ വരുന്ന സീസണില്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റുകള്‍ പൂര്‍ണമായും പുനരാരാംഭിക്കാനാണ് ബിസിസിഐ തീരുമാനം. ഇതോടെ ഒരുവര്‍ഷം വിവിധ പ്രായ ഗ്രൂപ്പുകളിലായി 1832 മത്സരങ്ങളാണ് നടത്തേണ്ടിവരിക.