രാഹുലിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ മലയാളി താരം സ‍ഞ്ജു സാംസണ്‍ സ്വാഭാവികമായും ഒഴിവാക്കപ്പെടുമെന്നും മലയാളി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

മുംബൈ: ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കാതെ സസ്പെന്‍സ് നിലനിര്‍ത്തി ബിസിസിഐ. നാളെയാണ് ടീം പ്രഖ്യാപിക്കാന്‍ ഐസിസി അനുവദിച്ച സമയപരിധി അവസാനിക്കുന്നത്. ഇന്നലെ ടീം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബിസിസിഐയുടെ ഭാഗത്തുനിന്നോ സെലക്ടര്‍മാരുടെ ഭാഗത്തു നിന്നോ അത്തരം നീക്കങ്ങളൊന്നും ഉണ്ടായില്ല. അതിനിടെ സെലക്ടര്‍മാര്‍ ലോകകപ്പ് ടീം സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയെന്നും ഇനി പ്രഖ്യാപനം മാത്രമെ ബാക്കിയുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഏഷ്യാ കപ്പില്‍ കളിക്കുന്ന പേസര്‍ പ്രസിദ്ധ് കൃഷ്ണ, യുവതാരം തിലക് വര്‍മ, ട്രാവലിംഗ് സ്റ്റാന്‍ഡ് ബൈ ആയ മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരെ ഒഴിവാക്കിക്കൊണ്ടുള്ള 15 അംഗ ടീമിനെയാണ് സെലക്ടര്‍മാര്‍ ലോകകപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം, ടീം പ്രഖ്യാപനം വൈകിക്കുന്നത് കെ എല്‍ രാഹുലിന്‍റെ ഫിറ്റ്നെസ് സംബന്ധിച്ച് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘം ഉറപ്പു നല്‍കാത്തതിനാലാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. രാഹുലിനെ ഏത് വിധേനെയും ലോകകപ്പ് ടീമിലുള്‍പ്പെടുത്താനാണ് സെലക്ടര്‍മാര്‍ ടീം പ്രഖ്യാപനം വൈകിക്കുന്നത് എന്നാണ് ആരോപണം. ബാറ്റിംഗില്‍ കായികക്ഷമത തെളിയിച്ചെങ്കിലും 50 ഓവര്‍ കീപ്പറായി നില്‍ക്കാന്‍ രാഹുലിനാവുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കയുണ്ട്.

രാഹുലിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ മലയാളി താരം സ‍ഞ്ജു സാംസണ്‍ സ്വാഭാവികമായും ഒഴിവാക്കപ്പെടുമെന്നും മലയാളി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഏഷ്യാ കപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീം നായകന്‍ രോഹിത് ശര്‍മയുമായി ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ടീം സംബന്ധിച്ച് അന്തിമ ധാരണയായെന്നും സൂചനകളുണ്ടായിരുന്നു. എന്നിട്ടും ടീം പ്രഖ്യാപനം അവസാന ദിവസത്തേക്ക് നീട്ടിവെക്കുന്നതിനെയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെല്ലാം ഒരു മാസം മുമ്പെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരുന്നു.

സൂര്യകുമാറിനെയല്ല, അവനെയാണ് ലോകകപ്പ് ടീമിലെടുക്കേണ്ടത്; തുറന്നു പറഞ്ഞ് വസീം ജാഫർ

ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ഏഷ്യാ കപ്പില്‍ ഇന്ന് നേപ്പാളിനെതിരെ ഇന്ത്യ മത്സരത്തിനിറങ്ങുന്നുണ്ട്. ഇതില്‍ യുവതാരം തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് ബാറ്റിംഗ് നിരയില്‍ അവസരം നല്‍കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഇന്നത്തെ പ്രകടനത്തിന്‍റെ കൂടി അടിസ്ഥാനത്തില്‍ ഇവരിലൊരാള്‍ ലോകകപ്പ് ടീമിലെത്തുമെന്നാണ് മറ്റൊരു വാദം. എന്തായാലും ടീം പ്രഖ്യാപനം അവസാന മണിക്കൂറുകളിലേക്ക് മാറ്റുന്ന പതിവ് സെലക്ടര്‍മാര്‍ ഇത്തവണയും തെറ്റിക്കാനിടയില്ലെന്നാണ് ആരാധകര്‍ കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക