ദക്ഷിണ മേഖലാ സെലക്‌ടറായ സുനിൽ ജോഷി ഒഴികെയുള്ളവരെ എല്ലാവരേയും മാറ്റാനാണ് നീക്കം

മുംബൈ: ട്വന്‍റി 20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷൻ കമ്മിറ്റി ഉടച്ചുവാർക്കാനൊരുങ്ങി ബിസിസിഐ. ചെയർമാൻ ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നാണ് ബിസിസിഐ വിലയിരുത്തൽ. ദക്ഷിണ മേഖലാ സെലക്‌ടറായ സുനിൽ ജോഷി ഒഴികെയുള്ളവരെ എല്ലാവരേയും മാറ്റാനാണ് നീക്കം. പുതിയ ക്രിക്കറ്റ് ഉപദേശക സമിതിയെ തെരഞ്ഞടുത്ത ശേഷമായിരിക്കും സെലക്ഷൻ കമ്മിറ്റി ഉടച്ചുവാർക്കുക.

ടി20 ലോകകപ്പിലെ ഇന്ത്യന്‍ പ്രകടനം ആശ്രയിച്ചിരിക്കും തീരുമാനങ്ങള്‍. 'ചേതന്‍ ശര്‍മ്മയുടെ കാര്യത്തില്‍ ഏറെപ്പേര്‍ സന്തുഷ്‌ടരല്ല. പുതിയ ഉപദേശക സമിതിയെ ബിസിസിഐ തെരഞ്ഞെടുക്കും വരെ ചേതന്‍ ശര്‍മ്മ തുടരും' എന്നും ബിസിസിഐ ഉന്നതന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

ബിസിസിഐയുടെ പുതിയ ഭരണസമിതിയെ ഇന്നലെ ചേര്‍ന്ന വാർഷിക ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തിരുന്നു. മുന്‍താരം റോജര്‍ ബിന്നിയാണ് സൗരവ് ഗാംഗുലിക്ക് പകരം പ്രസിഡന്‍റാവുന്നത്. 1983 ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗമായ റോജർ ബിന്നി ബിസിസിഐയുടെ മുപ്പത്തിയാറാമത് പ്രസിഡന്‍റാണ്. ജയ് ഷാ സെക്രട്ടറിയായി തുടരും. ജയ് ഷായുടെ തുടര്‍ച്ചയായ രണ്ടാം ടേമാണിത്. ആശിഷ് ഷെലാര്‍ ട്രഷററാവുമ്പോള്‍ രാജീവ് ശുക്ല വൈസ് പ്രസിഡന്‍റും ദേവ്‌ജിത്ത് സൈക്കിയ ജോയിന്‍റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കാലാവധി പൂര്‍ത്തിയാക്കിയ നിലവിലെ ട്രഷറര്‍ അരുണ്‍ ധുമാന്‍ ഐപിഎല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ബ്രിജേഷ് പട്ടേലിന് പകരമാണ് സ്ഥാനാരോഹണം. 

പരിക്ക്, പിച്ച്; പ്രഥമ പരിഗണന

താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് ഒഴിവാക്കുകയും രാജ്യത്തെ പിച്ചുകളുടെ നിലവാരം മെച്ചപ്പെടുത്തുകയുമാണ് ബിസിസിഐ പ്രസിഡന്‍റെന്ന നിലയില്‍ തന്‍റെ ആദ്യ പരിഗണനയെന്നാണ് ചുമതലയേറ്റെടുത്ത ശേഷം റോജര്‍ ബിന്നിയുടെ ആദ്യ വാക്കുകള്‍. ടി20 ലോകകപ്പിന് തൊട്ടുമുമ്പ് ജസ്‌പ്രീത് ബുമ്രക്ക് പരിക്കേറ്റത് ടീം ഇന്ത്യയുടെ പദ്ധതികളാകെ തകിടംമറിച്ചെന്നും ബിന്നി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

കളിക്കാരുടെ പരിക്കും, രാജ്യത്തെ പിച്ചുകളുമാണ് ആദ്യ പരിഗണനയെന്ന് ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി