ബിസിസിഐയുമായി കരാറുള്ള ഒരു കളിക്കാരന്‍ എങ്ങനെയാണ് ഇത്തരത്തില്‍ പരസ്യപ്രസ്താവന നടത്തുകയെന്നും കളിക്കാരനെന്ന നിലയില്‍ പ്രചോദിപ്പിക്കാനാണ് ബിസിസിഐ പ്രസിഡന്‍റ് ശ്രമിച്ചതെന്നും ധുമാല്‍ പ്രതികരിച്ചിരുന്നു.

മുംബൈ: ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും(Rahul Dravid) ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കുമെതിരെ(Sourav Ganguly) നടത്തിയ പരസ്യ പ്രതികരണങ്ങളില്‍ വൃദ്ധിമാന്‍ സാഹയില്‍((Wriddhiman Saha). നിന്ന് വിശദീകരണം തേടാന്‍ ബിസിസിഐ തീരുമാനിച്ചു. ബിസിസിഐയുമായി(BCCI) കരാറുള്ള കളിക്കാരനായ സാഹ കരാര്‍ ലംഘനം നടത്തിയെന്നതിലാണ് വിശദീകരണം ആവശ്യപ്പെടുക. ബിസിസിഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടുള്ള സാഹക്ക് മൂന്ന് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം.

സെന്‍ട്രല്‍ കോണ്‍ട്രാക്ടിലെ 6.3 വകുപ്പ് പ്രകാരം ബിസിസിഐയുമായി കരാറിലേര്‍പ്പെടുന്ന കളിക്കാരന്‍ കളിയെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ, ഔദ്യോഗിക ഭാരവാഹികളെക്കുറിച്ചോ കളിക്കിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ചോ, സെലക്ഷനെക്കുറിച്ചോ, കളിയിലെ സാങ്കേതിക വിദ്യകളെക്കുറിച്ചോ ബിസിസിഐക്ക് പ്രതികൂലമാകുന്ന രീതിയിലോ കളിയുടെ താല്‍പര്യത്തിന് വിരുദ്ധമായ രീതിയിലോ മാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തരുതെന്ന് വ്യവസ്ഥയുണ്ട്.

ഭീഷണിപ്പെടുത്തിയ മാധ്യമപ്രവർത്തകന്‍റെ പേര് പറയില്ലെന്ന് സാഹ; ട്വിസ്റ്റിന് പിന്നില്‍?

വിവാദ വെളിപ്പെടുത്തലില്‍ സാഹയോട് വിശദീകരണം തേടുമെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ ഇന്നലെ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. ബിസിസിഐയുമായി കരാറുള്ള ഒരു കളിക്കാരന്‍ എങ്ങനെയാണ് ഇത്തരത്തില്‍ പരസ്യപ്രസ്താവന നടത്തുകയെന്നും കളിക്കാരനെന്ന നിലയില്‍ പ്രചോദിപ്പിക്കാനാണ് ബിസിസിഐ പ്രസിഡന്‍റ് ശ്രമിച്ചതെന്നും ധുമാല്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ സാഹയോട് വിശദീകരണം തേടുന്ന കാര്യത്തില്‍ ബിസിസിഐ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ലെന്നും വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് തീരുമാനം എടുക്കുമെന്നും ധുമാല്‍ പറഞ്ഞു.

'സാഹയോട് ബഹുമാനം മാത്രം'; വിക്കറ്റ് കീപ്പറുടെ വിവാദ പ്രസ്താവനയില്‍ വ്യക്തത വരുത്തി ദ്രാവിഡ്

ന്യസിലന്‍ഡിനെതിരായ നടന്ന ടെസ്റ്റ് പരമ്പരയില്‍ സാഹ അര്‍ധസെഞ്ചുറി നേടിയിരുന്നെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ നിന്ന് സാഹയെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിലെ പ്രകടനത്തിനുശേഷം തന്നെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി സന്ദേശമയച്ചുവെന്നും ടീമിലെ സ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് സന്ദേശത്തില്‍ പറഞ്ഞുവെന്നും സാഹ പറഞ്ഞിരുന്നു.

'ടീമില്‍ നിന്നൊഴിവാക്കി'; രാഹുല്‍ ദ്രാവിഡിനും സൗരവ് ഗാംഗുലിക്കുമെതിരെ തുറന്നടിച്ച് വൃദ്ധിമാന്‍ സാഹ

അതിനുശേഷമാണ് പരിശീലകനായ രാഹുല്‍ ദ്രാവിഡ് തന്നോട് സെലക്ടര്‍മാരും ടീം മാനേജ്മെന്‍റും സാഹയെ ഇനി ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്നും വിരമിക്കുന്നതാണ് നല്ലതെന്നും വ്യക്തമാക്കിയതെന്നും സാഹ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സാഹയെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും വ്യക്തമായ മറുപടി നല്‍കിയില്ല. സാഹയെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് പറയാനാവില്ലെന്നും പ്രായം ഒരു ഘടകമല്ലെന്നും ചേതന്‍ ശര്‍മ പറഞ്ഞു.