സാഹയ്ക്ക് പകരം കെ എസ് ഭരതാണ് ടീമിലെത്തിയത്. റിഷഭ് പന്തിന്റെ (Rishabh Pant) ബാക്ക് അപ്പായിട്ടാണ് ഭരത് എത്തുന്നത്. പതിനട്ടംഗ് ടീമിനെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സാഹയ്ക്ക് പുറമെ അജിന്‍ക്യ രഹാനെ (Ajinkya Rahane), ചേതേശ്വര്‍ പൂജാര (Cheteshwar Pujara), ഇശാന്ത് ശര്‍മ എന്നിവരാണ് പുറത്താക്കപ്പെട്ട താരങ്ങള്‍.
കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഒഴിവാക്കപ്പെട്ട പ്രമുഖരില്‍ ഒരാള്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയായിരുന്നു (Wriddhiman Saha). സാഹയ്ക്ക് പകരം കെ എസ് ഭരതാണ് ടീമിലെത്തിയത്. റിഷഭ് പന്തിന്റെ (Rishabh Pant) ബാക്ക് അപ്പായിട്ടാണ് ഭരത് എത്തുന്നത്. പതിനട്ടംഗ് ടീമിനെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സാഹയ്ക്ക് പുറമെ അജിന്‍ക്യ രഹാനെ (Ajinkya Rahane), ചേതേശ്വര്‍ പൂജാര (Cheteshwar Pujara), ഇശാന്ത് ശര്‍മ എന്നിവരാണ് പുറത്താക്കപ്പെട്ട താരങ്ങള്‍.
സാഹ ഒഴിവാക്കപ്പെട്ടതിന്റെ കാരണമൊന്നും ചീഫ് സെലക്റ്റര്‍ ചേതന്‍ ശര്‍മ പറഞ്ഞിരുന്നില്ല. സാഹ രഞ്ജി ട്രോഫി കളിക്കാത്തത് ഒഴിവാക്കലുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് സാഹ. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കെതിരേയാണ് സാഹ സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''കാണ്‍പൂരില്‍ ന്യൂസിലന്‍ഡിനെതിരെ 61 റണ്‍സ് നേടിയപ്പോള്‍ എന്ന അഭിനന്ദിച്ച് ഗാംഗുലി വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. അദ്ദേഹം ബിസിസിഐ പ്രസിഡന്റായി ഇരിക്കുന്നിടത്തോളം കാലം എന്നെ ഒഴിവാക്കില്ലെന്നാണ് ഗാംഗുലി പറഞ്ഞത്. ആ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസം പകര്‍ന്നു. എന്നാല്‍ എത്ര പെട്ടന്നാണ് കാര്യങ്ങള്‍ മാറിയതെന്ന് നോക്കൂ.'' സാഹ പ്രതികരിച്ചു.
പന്തിന്റെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റിലും സാഹയാണ് കളിച്ചത്. നിര്‍ണായകമായ 61 റണ്‍സെടുക്കാനും സാഹയ്ക്കായി. ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചതും ഈ ഇന്നിംഗ്‌സായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും സാഹ ഇടം നേടി. എന്നാല്‍ ഒരു മത്സത്തില്‍ പോലും താരം കളിച്ചിരുന്നില്ല.
വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് ദ്രാവിഡ് പറഞ്ഞതായും സാഹ വെളിപ്പെടുത്തി. ''അടുത്തകാലത്തൊന്നും ഇനി എന്നെ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് എന്നെ അറിയിച്ചിരുന്നു. ദ്രാവിഡ് പോലും എന്നോട് പറഞ്ഞത് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നാണ്.'' സാഹ പറഞ്ഞുനിര്‍ത്തി.
ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. മോഹാലിയിലും ബംഗളൂരുവിലുമാണ് ടെസ്റ്റ് നടക്കുന്നത്. മാര്‍ച്ച് 12ന് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ടെസ്റ്റ് പകല്‍-രാത്രി മത്സരമായിരിക്കും. മൊഹാലിയിലെ ടെസ്റ്റ് മാര്‍ച്ച് നാലിനാണ്.
