കൊല്‍ക്കത്ത: ക്രിക്കറ്റിലെ പല രാജ്യങ്ങളും ഇപ്പോള്‍ പകല്‍- രാത്രി ടെസ്റ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും ഇത്തരത്തില്‍ ടെസ്റ്റ് മത്സരം നടന്നിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റ് കാണാന്‍ കൂടുതല്‍ ആളുകളെ കൊണ്ടുവരികയെന്നതാണ് പകല്‍- രാത്രി ടെസ്റ്റ് മത്സരങ്ങള്‍ക്ക് പിന്നില്‍. ഇന്ത്യ പുതിയ ശൈലിയോടെ ഇതുവരെ വിമുഖത കാണിച്ചിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ഉടന്‍ ഇത്തരത്തില്‍ ഒരു മത്സരം നടന്നേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

ബംഗ്ലാദേശിനെ നടക്കാനിരിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ ഒന്ന് പകല്‍- രാത്രി നടത്താനാണ് പദ്ധതി. കൊല്‍ക്കത്തയില്‍ നടക്കുന്ന അവസാന ടെസ്റ്റായിരിക്കും ഇത്തരത്തില്‍ നടക്കുക. പുതിയ ബിസിസിഐ പ്രസിഡന്റായി നിയമിതനായ സൗരവ് ഗാംഗുലിയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി സംസാരിച്ച ശേഷം മാത്രമമെ അന്തിമ തീരുമാനമെടുക്കൂ.