മുംബൈ: ഐ പി എൽ താരലേലത്തിന് മുന്നോടിയായി ആഭ്യന്തര ട്വന്‍റി 20 ടൂർണമെന്‍റ്  ആയ മുഷ്താഖ് അലി ടി20 ടൂര്‍ണമെ‍ന്‍റ് നടത്താനൊരുങ്ങി ബിസിസിഐ. പുതിയ ടീമുകൾ വരുന്ന പശ്ചാത്തലത്തിലാണ് വരുന്ന സീസണിലും ബിസിസിഐ താരലേലം നടത്തുന്നത്. എട്ട് ടീമുള്ള ഐ പി എല്ലിലേക്ക് രണ്ട് ടീമിനെക്കൂടി ഉൾപ്പെടുത്താനാണ് ബിസിസിഐയുടെ ആലോചന. ഇതോടെ വരും സീസണിലും താരലേലവും നടത്തേണ്ടിവരും.

ഇന്ത്യൻ താരങ്ങൾക്ക് താരലേലത്തിൽ അവസരം കിട്ടാൻ സയ്യിദ് മുഷ്താഖ് അലി ട്രോഫി ജനുവരിയിൽ നടത്താനാണ് ബിസിസിഐയുടെ ആലോചന. സാധാരണ രഞ്ജി ട്രോഫി മത്സരങ്ങൾക്ക് ശേഷമാണ് മുഷ്താഖ് അലി ട്രോഫി നടക്കാറുള്ളത്. ഏപ്രിൽ-മെയ് മാസങ്ങളില്‍ ഐ പി എൽ നടക്കേണ്ടതിനാൽ താരലേലം ഇതിന് മുൻപ് നടത്തണം. ഇതുകൊണ്ടുതന്നെ ജനുവരിയിൽ തന്നെ മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾ പൂർത്തിയാക്കാനാണ് ശ്രമം.

ഒന്നിലേറെ മത്സരവേദികളും സ്റ്റാർ ഹോട്ടൽ സൗകര്യവുമുള്ള നഗരങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ബിസിസിഐ സംസ്ഥാന അസോസിയേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹോട്ടലുകളിൽ ബയോ ബബിൾ സാഹചര്യത്തിൽ മൂന്ന് ടീമിനെങ്കിലും കഴിയാനുള്ള സൗകര്യമാണ് പരിഗണിക്കുന്നത്. ഈഡൻ ഗാർഡൻസ്, സാൾട്ട് ലേക്ക്, കല്യാണി എന്നീ വേദികളുള്ള കൊൽക്കത്ത മുഖ്യ പരിഗണനയിലുണ്ട്.

മുഷ്താഖ് അലി ട്രോഫിക്ക് മുന്നോടിയായി ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ആറ് ടീമുകളുടെ ട്വന്‍റി 20 ടൂർണമെന്റ് നടത്തുന്നുണ്ട്. ബയോ ബബിൾ സംവിധാനം വിജയകരമായി നടപ്പാക്കാൻ കഴിയുമോ എന്നറിയാനാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഈ ടൂർണമെന്റ് നടത്തുന്നതെന്നാണ് സൂചന. മറ്റ് ആറ് സംസ്ഥാന അസോസിയേഷനുകളും അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.