ടി 20 ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന മത്സരമെന്ന പ്രത്യേകതയും ഹോം ഗ്രൗണ്ടില്‍ സഞ്ജു ആദ്യമായി ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനിറങ്ങുന്നുവെന്നതും ടിക്കറ്റ് വിൽപ്പനയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിലെ ടിക്കറ്റ് വിൽപനയിൽ റെക്കോർഡ് നേട്ടം. ഒരു ദിവസത്തിനുള്ളിൽ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയി. മുപ്പതിനായിരത്തിലധികം ടിക്കറ്റുകളാണ് വിറ്റുതീർന്നത്. കേരളത്തിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വേഗത്തിൽ ടിക്കറ്റുകൾ വിറ്റുതീരുന്നത്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് 12 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ ആകെ ടിക്കറ്റുകളുടെ 80 ശതമാനവും വിറ്റു തീരന്നിരുന്നു.
ടി 20 ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന മത്സരമെന്ന പ്രത്യേകതയും ഹോം ഗ്രൗണ്ടില്‍ സഞ്ജു ആദ്യമായി ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനിറങ്ങുന്നുവെന്നതും ടിക്കറ്റ് വിൽപ്പനയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ. ഈ മാസം 31നാണ് ഇന്ത്യ-ന്യൂസിലാൻഡ് പരമ്പരയിലെ അഞ്ചാം ടി20 മത്സരം.
അതേസമയം, ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നിട്ടും ഓൺലൈനിൽ വ്യാജ ടിക്കറ്റുകൾ ഇപ്പോഴും ലഭ്യാണ്. എന്നാല്‍ ഇത്തരത്തില്‍ വ്യാജ ടിക്കറ്റുകള്‍ വില്‍ക്കുകയോ ടിക്കറ്റുകൾ ഇരട്ടിവിലയ്ക്ക് മറിച്ചുവിൽക്കുകയോ ചെയ്യുന്നത് തടയാന്‍ പൊലീസിന്‍റെ സഹായം തേടുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.
ക്രിക്കറ്റ് പ്രേമികൾക്കും വിദ്യാർത്ഥികൾക്കും സ്റ്റേഡിയത്തിലിരുന്ന് കളി കാണാൻ സുവർണ്ണാവസരമായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ ഇത്തവണ ഒരുക്കിയത്. ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് മത്സരം കാണാനാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കൂടാതെ അപ്പർ ടയർ സീറ്റുകൾക്ക് 500 രൂപയും ലോവർ ടയർ സീറ്റുകൾക്ക് 1200 രൂപയുമായിരുന്നു നിശ്ചിയച്ചിരിക്കുന്ന നിരക്കുകൾ. ഗാലറികൾ നിറയുന്ന ആവേശകരമായ ഒരു പോരാട്ടമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
