23 ഇന്നിംഗ്‌സുകളുടെയും 468 ദിവസത്തെയും ഇടവേളയ്ക്ക് ശേഷം ആദ്യ അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് 37 പന്തില്‍ പുറത്താകാതെ 82 റണ്‍സടിച്ച് ടീമിന്‍റെ വിജയശില്‍പിയായിരുന്നു.
റായ്പൂര്‍: ബാറ്റിംഗിലെ '360' ഡിഗ്രി' പ്രകടനം കൊണ്ട് മാത്രമല്ല, വിനയം കൊണ്ടും ആരാധകരുടെ മനം കവരുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിലെ തകർപ്പൻ വിജയത്തിന് ശേഷം ഇന്ത്യൻ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ രാഘവേന്ദ്രയുടെ (രഘു) പാദം തൊട്ട് വന്ദിക്കുന്ന സൂര്യകുമാറിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ആരാധകുടെ കൈയടി നേടുന്നത്.
23 ഇന്നിംഗ്‌സുകളുടെയും 468 ദിവസത്തെയും ഇടവേളയ്ക്ക് ശേഷം ആദ്യ അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് 37 പന്തില്‍ പുറത്താകാതെ 82 റണ്‍സടിച്ച് ടീമിന്‍റെ വിജയശില്‍പിയായിരുന്നു. ലോകകപ്പിന് തൊട്ടു മുമ്പ് സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യൻ ടീമിനും ആശ്വാസകരമാണ്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി തന്‍റെ സിഗ്നേച്ചർ ഷോട്ടുകളിലൂടെയാണ് സൂര്യകുമാര്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും തുടക്കത്തിലെ പുറത്തായശേഷം ഇഷാന്‍ കിഷനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് സൂര്യ ഇന്ത്യൻ ജയം അനായാസമാക്കിയത്.
ജയത്തിന് പിന്നാലെ ഡഗ് ഔട്ടിലേക്ക് നടന്ന സൂര്യകുമാർ യാദവ് നേരെ രഘുവിന്‍റെ അടുത്തേക്ക് ചെന്നാണ് അദ്ദേഹത്തിന്‍റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയത്. കരിയറിലെ മോശം സമയത്ത് നെറ്റ്സിൽ തനിക്ക് പിന്തുണ നസ്‍കിയ സ്റ്റാഫ് അംഗത്തോടുള്ള ആദരവ് പ്രകടിപ്പിക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. ക്യാപ്റ്റന്‍റെ ആദരവിന് കൈയടിക്കുകയാണ് ആരാധകരും.
ആരാണ് രഘു ?
ഇന്ത്യൻ വിജയങ്ങൾക്ക് പിന്നിലെ അദൃശ്യ സാന്നിധ്യം എന്നാണ് രാഘവേന്ദ്ര ദ്വിവേദി എന്ന 'രഘു' അറിയപ്പെടുന്നത്. ടീം ഇന്ത്യയുടെ 'ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ്' ആയ രഘു കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ഇന്ത്യൻ താരങ്ങൾക്ക് നെറ്റ്സിൽ പന്തെറിഞ്ഞു നല്‍കുന്നയാളാണ്. സച്ചിൻ ടെൻഡുൽക്കർ, എം.എസ്. ധോണി, വിരാട് കോലി തുടങ്ങിയ ഇതിഹാസങ്ങളെല്ലാം തങ്ങളുടെ ബാറ്റിംഗ് മികവിന് പിന്നിൽ രഘുവിന്‍റെയും കഠിനാധ്വാനമുണ്ടെന്ന് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.
