മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കുക ബിസിസിഐ നിയോഗിക്കുന്ന പുതിയ ഉപദേശക സമിതി ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും വിരുദ്ധ താല്‍പര്യങ്ങളെന്ന ആരോപണങ്ങളെത്തുടര്‍ന്ന് ഉപദേശക സമിതി അംഗത്വം രാജിവെച്ചിരുന്നു. ലക്ഷ്മണെതിരെയും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി പുതിയ ഉപദേശകസമിതി അംഗങ്ങളെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന സമിതിയാണ് അനില്‍ കുംബ്ലെയെയും രവി ശാസ്ത്രിയെയും ഇന്ത്യന്‍ പരിശീലകരായി തെരഞ്ഞെടുത്തത്. സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവര്‍ക്കെതിരെ ഐപിഎല്‍ പങ്കാളിത്തത്തിന്റെ പേരില്‍ വിരുദ്ധ താല്‍പര്യമെന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ വനിതാ ടീമിന്റെ പരിശീലകനെ തെരഞ്ഞെടുക്കാന്‍ കപില്‍ ദേവ്, ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ് എന്നിവരടങ്ങിയ ഉപദേശക സമിതിയെ ആണ് ഇടക്കാല ഭരണസമിതി ചുമതലപ്പെടുത്തിയത്.

എന്നാല്‍ ഇവര്‍ക്കെതിരെയും വിരുദ്ധ താല്‍പര്യമെന്ന ആരോപണം ഉയര്‍ന്നിരുന്നു. പുതിയ ഉപദേശകസമിതി അംഗങ്ങളെ തീരുമാനിച്ചശേഷം ഇവരുടെ പേര് ലീഗല്‍ ടീം പരിശോധിച്ചശേഷം വിരുദ്ധ താല്‍പര്യമില്ലെന്ന ഉറപ്പുവരുത്തിയശേഷമെ പുറത്തപവിടൂ എന്നാണ് സൂചന. ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍, സപ്പോര്‍ട്ട് സ്റ്റാഫ് സ്ഥാനങ്ങളിലേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിലവിലെ പരിശീലകനും സപ്പോര്‍ട്ട് സ്റ്റാഫിനും അപേക്ഷിക്കാം.