2027 ഏകദിന ലോകകപ്പില്‍ വിരാട് കോലിയും രോഹിത് ശര്‍മയും കളിക്കുമോ എന്നതിനെക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ ബിസിസിഐ വിസമ്മതിച്ചു. ടീമിന്റെ ദീര്‍ഘകാല പദ്ധതികള്‍ ബോര്‍ഡിന്റെ ആഭ്യന്തര വിഷയമാണെന്നും തന്ത്രപരമായ ചര്‍ച്ചകള്‍ പുറത്തുവിടാനാകില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി.
മുംബൈ: 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പദ്ധതികളെക്കുറിച്ച് പരസ്യമായി ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ. ടീമിന്റെ ദീര്‍ഘകാല റോഡ്മാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോര്‍ഡിന്റെ ആഭ്യന്തര വിഷയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത 50 ഓവര്‍ ലോകകപ്പില്‍ മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമോ എന്നതിനെച്ചൊല്ലി അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
ഇന്ത്യ 2025 ചാമ്പ്യന്‍സ് ട്രോഫി നേടിയതുമുതല്‍ തന്നെ കോലിയുടെയും രോഹിത്തിന്റെയും ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. 2027 ലോകകപ്പിന് മുന്നോടിയായി ഏകദിന ക്രിക്കറ്റില്‍ തുടരാന്‍ തങ്ങള്‍ക്ക് താല്പര്യമുണ്ടെന്ന് ഇരു താരങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു. ടീം ആസൂത്രണത്തെക്കുറിച്ചും കളിക്കാരുടെ ഭാവിയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അവ പൊതുജന മധ്യത്തില്‍ പങ്കുവെക്കാനുള്ളതല്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കവെ സൈകിയ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഞങ്ങള്‍ക്ക് വളരെ ഒത്തൊരുമയുള്ള ഒരു ടീമും ഒട്ടനവധി വിദഗ്ധരുമുണ്ട്. എല്ലാവരേയും ഉള്‍പ്പെടുത്തിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ക്രിക്കറ്റ് കമ്മിറ്റി, സെലക്ടര്‍മാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, മുഖ്യ പരിശീലകന്‍, ബന്ധപ്പെട്ട കളിക്കാര്‍ എന്നിവരെല്ലാം ഇതിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഇതിനായി പ്രത്യേക കൂടിക്കാഴ്ചകളുടെ ആവശ്യമില്ല. ഇതൊരു തുടര്‍ച്ചയായ പ്രക്രിയയാണ്. ഞാന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലോ പൊതുജനങ്ങള്‍ക്ക് മുന്നിലോ ഒന്നും വെളിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്നില്ല, കാരണം ഇവ തന്ത്രപ്രധാനമായ ചര്‍ച്ചകളാണ്. ഇവയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ എനിക്ക് അധികാരമില്ല.'' അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ് കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ബിസിസിഐ പിന്തുടരും
രാഷ്ട്രീയ അശാന്തിയെ തുടര്‍ന്ന് ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയുടെ വൈറ്റ് ബോള്‍ പര്യടനം മാറ്റിവെച്ചതിന് പിന്നാലെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെക്കുറിച്ചും സൈകിയ സംസാരിച്ചു. ബംഗ്ലാദേശില്‍ അടുത്തിടെ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകുകയും മുന്‍ നായകന്‍ തമീം ഇഖ്ബാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസിഡന്റായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകളുടെ കാര്യത്തില്‍ ബിസിസിഐയുടെ തീരുമാനങ്ങള്‍ പൂര്‍ണ്ണമായും ഇന്ത്യന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് സൈകിയ പറഞ്ഞു.

