അമിതവണ്ണവും അതിനോടനുബന്ധിച്ചുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാനായി ദഹനവ്യവസ്ഥയിൽ വരുത്തുന്ന ശസ്ത്രക്രിയാരീതികളെയാണ് പൊതുവേ ബരിയാട്രിക് സർജറി എന്ന് വിളിക്കുന്നത്.
കൊളംബോ: ശ്രീലങ്കയ്ക്ക് 1996ലെ ലോകകപ്പ് കിരീടം സമ്മാനിച്ച ഇതിഹാസ ക്യാപ്റ്റൻ അർജുന രണതുംഗയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എം.പിയുമായ ശശി തരൂർ, രണതുംഗയ്ക്കൊപ്പമുള്ള ചിത്രം എക്സിൽ പങ്കുവെച്ചതോടെയാണ് ശ്രീലങ്കയുടെ ഇതിഹാസ നായകന്‍റെ അവിശ്വസനീയമായ രൂപമാറ്റം വാർത്തകളിൽ നിറയുന്നത്. ശരീരഭാരം ഗണ്യമായി കുറഞ്ഞ് വേറിട്ട ലുക്കിലെത്തിയ രണതുംഗയെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പോലും കഴിയില്ലെന്നാണ് ആരാധകരുടെ കമന്‍റുകൾ.
കൊളംബോയിൽ എന്നെ കാണാനെത്തിയ ഈ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ക്യാപ്റ്റനെ തിരിച്ചറിയാൻ ആരാധകർക്ക് അല്പം പ്രയാസമായിരിക്കും. അതേ, ബരിയാട്രിക് സർജറിക്ക് ശേഷം പൂർണ്ണമായും മെലിഞ്ഞ് സുന്ദരനായ അർജുന രണതുംഗയാണിത് എന്നായിരുന്നു ശശി തരൂർ എക്സ് പോസ്റ്റില്‍ കുറിച്ചത്. ശശി തരൂരിന്‍റെ പോസ്റ്റിന് പിന്നാലെ ശരീരഭാരം കുറയ്ക്കാനായി നടത്തുന്ന 'ബരിയാട്രിക് സർജറി'യെക്കുറിച്ചും അതിന്റെ ആരോഗ്യപരമായ വശങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
എന്താണ് ബരിയാട്രിക് സർജറി?
അമിതവണ്ണവും അതിനോടനുബന്ധിച്ചുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാനായി ദഹനവ്യവസ്ഥയിൽ വരുത്തുന്ന ശസ്ത്രക്രിയാരീതികളെയാണ് പൊതുവേ ബരിയാട്രിക് സർജറി എന്ന് വിളിക്കുന്നത്. എന്നാൽ ഇത് വെറുമൊരു സൗന്ദര്യവർദ്ധക ചികിത്സയല്ലെന്ന് മുംബൈ മെറ്റാഹീൽ ക്ലിനിക്കിലെ സർജൻ ഡോ. അപർണ ഗോവിൽ ഭാസ്കർ വ്യക്തമാക്കുന്നു. ബരിയാട്രിക് സർജറി ഒരാളുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവാണ്. എന്നാൽ കേവലം മെലിഞ്ഞ ലുക്ക് നേടുക എന്നതല്ല ഇതിന്‍റെ പ്രധാന ലക്ഷ്യം. ആരോഗ്യപരമായ അസ്വസ്ഥതകൾ പരിഹരിച്ച് ജീവിതനിലവാരം ഉയർത്തുകയാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് ഡോ. അപർണ ഗോവിൽ ഭാസ്കർ പറഞ്ഞു.
ബരിയാട്രിക് സർജറി ചെയ്യുന്ന എല്ലാവർക്കും രണതുംഗയെപ്പോലെ ഒരേരീതിയിൽ ശരീരഭാരം കുറയണമെന്നില്ല. പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇതിന്‍റെ ഫലം നിർണ്ണയിക്കപ്പെടുന്നത്. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള ശരീരഭാരം: കൂടുതൽ അമിതവണ്ണമുള്ളവരിൽ മാറ്റം വളരെ പ്രകടമായിരിക്കും. ഏതുതരം ബരിയാട്രിക് പ്രൊസീജറാണ് ചെയ്യുന്നത് എന്നതും പ്രധാനമാണ്. പ്രായവും ദഹനപ്രക്രിയയും ഓരോരുത്തരിലും വ്യത്യസ്തമാണ്. ശസ്ത്രക്രിയാനന്തര ജീവിതശൈലിയും കൃത്യമായ ഭക്ഷണക്രമവും വ്യായാമവും തുടരേണ്ടതും പ്രധാനമാണ്.
ശരീരഭാരം കുറയുന്നതിലുപരി, അമിതവണ്ണം മൂലം ഉണ്ടാകുന്ന പല മാരക രോഗങ്ങളെയും തടയാൻ ഈ ചികിത്സ സഹായിക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചിലരിൽ ടൈപ്പ് 2 പ്രമേഹം പൂർണ്ണമായി നിയന്ത്രണ വിധേയമാക്കാനും സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദം കുറച്ച് ഹൃദ്രോഗ സാധ്യതയും ബി.പിയും കുറയ്ക്കും. ഉറക്കത്തിനിടയിലെ ശ്വാസംമുട്ടൽ മാറി നല്ല ഉറക്കം ഉറപ്പാക്കുന്നു. കരളിൽ കൊഴുപ്പ് അടിയുന്നത് തടയുന്നതിനൊപ്പം ഭാരം കുറയുന്നതോടെ സന്ധിവേദന കുറക്കാനും സഹായിക്കും. അതേസമയം, സോഷ്യൽ മീഡിയയിൽ കാണുന്ന ചിത്രങ്ങൾ കണ്ട് അനാവശ്യമായ പ്രതീക്ഷകൾ വെച്ചുപുലർത്തരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഒരാളുടെ മാറ്റം മറ്റൊരാളുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കും.
ശരീരഭാരം കുറയുന്നതിനൊപ്പം പ്രമേഹം നിയന്ത്രണവിധേയമാകുക, കൂടുതൽ ഊർജ്ജസ്വലത ലഭിക്കുക, സുഗമമായി സഞ്ചരിക്കാൻ സാധിക്കുക എന്നിവയാണ് ഈ ശസ്ത്രക്രിയയുടെ യഥാർത്ഥ വിജയം. മെലിയാനുള്ള കുറുക്കുവഴിയായല്ല, മറിച്ച് രോഗമുക്തമായ ഒരു നല്ല ജീവിതശൈലിയിലേക്കുള്ള അടിയന്തിര ചികിത്സയായാണ് ബരിയാട്രിക് സർജറിയെ കാണേണ്ടത്.
