Asianet News MalayalamAsianet News Malayalam

Ranji Trophy 2021-22 : ഐപിഎല്ലിനിടെ രഞ്ജി സീസണിന് പിച്ചൊരുങ്ങുമോ? വിമര്‍ശനം ശക്തം; ബിസിസിഐക്ക് പുതിയ പദ്ധതി

ഐപിഎല്‍ 15-ാം സീസണ്‍ ഇന്ത്യയില്‍ വച്ചുതന്നെ നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്

BCCI planning to hold Ranji Trophy 2021 22 in two phases says treasurer Arun Dhumal
Author
Mumbai, First Published Jan 28, 2022, 11:46 AM IST

മുംബൈ: രഞ്ജി ട്രോഫി സീസണ്‍ (Ranji Trophy 2021-22) രണ്ട് ഘട്ടങ്ങളിലായി നടത്താന്‍ ബിസിസിഐ (BCCI) നീക്കം. ഐപിഎല്ലിന് (IPL 2022) മുന്‍പും ശേഷവുമായി മത്സരങ്ങള്‍ നടത്താനാണ് ആലോചന. ഗ്രൂപ്പ് മത്സരങ്ങള്‍ ഫെബുവരി 10നും മാര്‍ച്ച് മൂന്നാം വാരത്തിനും ഇടയിൽ നടത്താനുള്ള നിര്‍ദ്ദേശം സംസ്ഥാന അസോസിയേഷനുകളുടെ (State Cricket Associations) അഭിപ്രായം അറിയുന്നതായി അയച്ചിട്ടുണ്ട്. 

ജൂൺ, ജൂലൈ മാസങ്ങളിലായി നോക്കൗട്ട് റൗണ്ട് നടത്താനാണ് ആലോചന. 38 ഫസ്റ്റ് ക്ലാസ് ടീമുകളുമായി ജനുവരി 13ന് തുടങ്ങാനിരുന്ന രഞ്ജി ട്രോഫി രാജ്യത്തെ കൊവിഡ് വ്യാപനം കാരണമാണ് മാറ്റിയത്. ഐപിഎല്ലിനായി വിപുലമായ ആലോചനകള്‍ നടത്തുകയും ര‌ഞ്ജി ട്രോഫിയെ അവഗണിക്കുകയും ചെയ്യുന്നതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ട് ഘട്ടമായി നടത്താന്‍ ബോര്‍ഡ് ഉദേശിക്കുന്നു എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാലിന്‍റെ പ്രതികരണം. 

ഐപിഎല്‍ 15-ാം സീസണ്‍ ഇന്ത്യയില്‍ വച്ചുതന്നെ നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്. മാര്‍ച്ച് അവസാന വാരം ആരംഭിച്ച് മെയ് അവസാനം വരെ നീണ്ടുനില്‍ക്കുന്ന രീതിയിലാണ് ടൂര്‍ണമെന്‍റ് ആലോചിക്കുന്നത്. മുംബൈയെ പ്രധാന വേദിയായി പരിഗണിക്കുന്നു. കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യയില്‍ മത്സരങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റ് വേദികളും പരിഗണിക്കുന്നുണ്ട്. ഫെബ്രുവരി 20ന് മുന്‍പ് വേദികളിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 13, 14 തീയതികളില്‍ മെഗാ താരലേലം നടക്കും. 

മെഗാ ലേലത്തില്‍ ആകെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1214 കളിക്കാരാണെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇതില്‍ 896 പേര്‍ ഇന്ത്യന്‍ താരങ്ങളും 318 പേര്‍ വിദേശ കളിക്കാരുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിലെ 41 താരങ്ങളും ലേലത്തിനു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

IPL 2022 : ഐപിഎല്‍ തുടങ്ങും മുമ്പേ ഇംഗ്ലീഷ് താരങ്ങളുടെ കാര്യത്തില്‍ ആശങ്ക
 


 

Follow Us:
Download App:
  • android
  • ios