കൊല്‍ക്കത്ത: ബാറ്റിംഗിലോ ഫിനിഷിംഗിലോ മാത്രമല്ല വിക്കറ്റ് കീപ്പിംഗിലും ധോണിക്ക് പകരംവെക്കാന്‍ താരത്തെ കണ്ടെത്തുക പ്രയാസം. എം എസ് ധോണി എന്നാല്‍ മിന്നല്‍ സ്റ്റംപിംഗ് ധോണി എന്നാണ് വിശേഷണം. ഇന്ത്യക്ക് ലഭിച്ച ആദ്യ സമ്പൂര്‍ണ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനാണ് ധോണി എന്നും പറയാം. വിക്കറ്റ് കീപ്പിംഗിലെ ധോണി മാന്ത്രികതയെ വാഴ്‌ത്തുകയാണ് ബിസിസിഐ പ്രസിഡന്‍റും മുന്‍ നായകനുമായ സൗരവ് ഗാംഗുലി. 

'യുഗാന്ത്യമാണിത്. ലോക ക്രിക്കറ്റിലും രാജ്യത്തിനായും അത്രയേറെ മികച്ച താരമായിരുന്നു ധോണി. പ്രത്യേകിച്ച് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍, അദേഹത്തിന്‍റെ നായകത്വത്തെ മറ്റാരുമായി താരതമ്യം ചെയ്യാനാവില്ല. ടീമിനെ പ്രതിനിധീകരിക്കുന്ന വിക്കറ്റ് കീപ്പര്‍മാര്‍ക്കുള്ള അളവുകോല്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട് ധോണി. അവിസ്‌മരണീയ കരിയര്‍, ധോണിക്ക് എല്ലാവിധ ആശംസകളും നേരുന്നു'- ഗാംഗുലി പറഞ്ഞു.

ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സി മറ്റാര്‍ക്കും കൊടുക്കരുത്; ആവശ്യമുന്നയിച്ച് ദിനേശ് കാര്‍ത്തിക്

2004 ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ധോണി 2007ലെ ട്വന്റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും 2013ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിച്ച ധോണി എല്ലാ ഐസിസി ട്രോഫികളും നേടിയ ഏക നായകനാണ്. 350 ഏകദിനത്തിൽ 10733 റൺസെടുത്തു. ഇന്ത്യയുടെ ഏകദിന റൺവേട്ടക്കാരിൽ അഞ്ചാമൻ. 90 ടെസ്റ്റിലും 98 ട്വന്റി 20യിലും ഇന്ത്യൻ തൊപ്പിയണിഞ്ഞു.

2014ലെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പ് സെമി ഫൈനലിലാണ് അവസാനമായി ഇന്ത്യ ടീമിൽ കളിച്ചത്. ഈവർഷത്തെ ട്വന്റി 20 ലോകകപ്പിൽ കളിച്ച് വിരമിക്കാനിരിക്കേ, കൊവിഡ് പ്രതീക്ഷകൾ തകിടംമറിച്ചു. ഇതോടെയാണ് ധോണി വിരമിക്കല്‍ തീരുമാനത്തിലെത്തിയത്. 

അന്ന് കാണാം നമുക്ക്; ധോണിയുടെ വിരമിക്കലിനെ കുറിച്ച് രോഹിത്തിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്