ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിപ്പ രോഹിത് ശര്‍മ കോച്ച് ഗൗതം ഗംഭീറിനെ വിളിച്ച് നേരിട്ട് ആവശ്യപ്പെട്ടതോടെയാണ് ബിസിസിഐ ദിലീപിനെ തിരിച്ചുവിളിക്കാന്‍ തയാറായതെന്നും റിപ്പോര്‍ട്ടുണ്ട്.

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ പുറത്താക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിനെ തിരിച്ചുവിളിച്ച് ബിസിസിഐ. ടി.ദിലീപുമായി ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടിയാണ് ബിസിസിഐ ഫീല്‍ഡിംഗ് കോച്ചിനെ തിരിച്ചുവിളിച്ചത്. ഇതോടെ വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ദിലീപ് ഫീല്‍ഡിംഗ് പരിശീലകനായി തുടരും.

നേരത്തെ ഗൗതം ഗംഭീറിന് കീഴിലെ പരിശീലക സംഘത്തിൽ അഴിച്ചുപണി നടത്തിയപ്പോൾ ടി.ദിലീപുമായി കരാർ നീട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ദിലീപിന് പുറമെ സഹ പരിശീലകനാ അഭിഷേക് നായരെയും ബിസിസിഐ പുറത്താക്കിയിരുന്നു. എന്നാല്‍ ദിലീപിന് പറ്റിയ പകരക്കാരനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുൻപ് ബിസിസിഐ വീണ്ടും ദിലീപിനെ തന്നെ പരിശീലകനാക്കാന്‍ തീരുമാനിച്ചത്.

ഇതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിപ്പ രോഹിത് ശര്‍മ കോച്ച് ഗൗതം ഗംഭീറിനെ വിളിച്ച് നേരിട്ട് ആവശ്യപ്പെട്ടതോടെയാണ് ബിസിസിഐ ദിലീപിനെ തിരിച്ചുവിളിക്കാന്‍ തയാറായതെന്നും റിപ്പോര്‍ട്ടുണ്ട്. 2021മുതല്‍ ഇന്ത്യൻ ടീമിനൊപ്പം പ്രവര്‍ത്തിക്കുന്ന ദിലീപിന് ടീം അംഗങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. പുതിയ പരിശീലകനുപകരം ദിലീപിനെപ്പോലെ പരിചയസമ്പന്നനായ ഒരു പരിശീലകനെയാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിനൊപ്പം വേണ്ടതെന്ന് ഗംഭീറിനോട് രോഹിത് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

Scroll to load tweet…

ദിലീപിപ് പകരം ഫീല്‍ഡിംഗ് കോച്ചായി വിദേശ പരിശീലകരില്‍ ഒരാളെ എത്തിക്കാനായിരുന്നു ബിസിസിഐ നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ മികച്ച വിദേശ പരിശീലകനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ദിലീപിലേക്ക് തന്നെ തിരിച്ചുപോകാന്‍ ബിസിസിഐ നിര്‍ബന്ധിതരായത്.

ഓരോ മത്സരത്തിലെയും മികച്ച ഫീല്‍ഡര്‍മാര്‍ക്ക് മെഡലുകള്‍ ഏര്‍പ്പെടുത്തിയതടക്കമുള്ള നടപടികളിലൂടെ കളിക്കാര്‍ക്കിടയിലും പ്രിയങ്കരനാണ് ടി ദിലീപ്. ദിലീപിനെ വീണ്ടും നിയമിച്ചതിനൊപ്പം സഹപരിശീലകനായ റിയാന്‍ ടെന്‍ ഡോഷെറ്റെയോട് ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിനൊപ്പം ചേരാനും ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ശിവ് സുന്ദര്‍ ദാസായിരിക്കും ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ എ ടീമിനൊപ്പമുള്ള സെലക്ടര്‍. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുമെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക