ജിതേഷിനെ റണ്ണൗട്ടാക്കിയ പന്തില്‍ ദിഗ്‌വേഷ് റാത്തി ബൗളിംഗ് ആക്ഷന്‍ പൂര്‍ത്തിയാക്കുകയും പോപ്പിംഗ് ക്രീസിന് പുറത്തേക്ക് പോകുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ റിഷഭ് പന്ത് അപ്പീല്‍ പിന്‍വലിച്ചില്ലെങ്കിലും ടിവി അമ്പയര്‍ ജിതേഷിനെ നോട്ടൗട്ട് വിളിക്കുമായിരുന്നു.

ലക്നൗ: ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തില്‍ ദിഗ്‌വേഷ് റാത്തി ജിതേഷ് ശര്‍മയെ മങ്കാദിംഗിലൂടെ ഔട്ടാക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ല. ഇതിനിടെ അപ്പീല്‍ പിന്‍വലിച്ച ലക്നൗ നായകന്‍ റിഷഭ് പന്തിന്‍റെ മാന്യതയെയും ആരാധകര്‍ വാഴ്ത്തിയിരുന്നു. എന്നാല്‍ റിഷഭ് പന്ത് അപ്പീല്‍ പിന്‍വലിച്ചില്ലെങ്കിലും ടിവി അമ്പയര്‍ ജിതേഷിനെ ഔട്ടായി പ്രഖ്യാപിക്കില്ലെന്നാണ് മങ്കാദിംഗ് റൺ ഔട്ട് കണ്ട ക്രിക്കറ്റ് നിയമവിദഗ്ദര്‍ പറയുന്നത്.

കാരണം ക്രിക്കറ്റ് നിയമപ്രകാരം ബൗളിംഗ് ആക്ഷന്‍ പൂര്‍ത്തിയാക്കി പോപ്പിംഗ് ക്രീസിന് പുറത്തുപോയശേഷം ഒരു ബൗളര്‍ക്ക് നോണ്‍ സ്ട്രൈക്കറെ മങ്കാദിംഗ് രീതിയില്‍ റണ്ണൗട്ടാക്കാനാവില്ല. ജിതേഷിനെ റണ്ണൗട്ടാക്കിയ പന്തില്‍ ദിഗ്‌വേഷ് റാത്തി ബൗളിംഗ് ആക്ഷന്‍ പൂര്‍ത്തിയാക്കുകയും പോപ്പിംഗ് ക്രീസിന് പുറത്തേക്ക് പോകുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ റിഷഭ് പന്ത് അപ്പീല്‍ പിന്‍വലിച്ചില്ലെങ്കിലും ടിവി അമ്പയര്‍ ജിതേഷിനെ നോട്ടൗട്ട് വിളിക്കുമായിരുന്നു.

ക്രിക്കറ്റ് നിയമങ്ങളിലെ അവസാന വാക്കായ മാര്‍ലിബോൺ ക്രിക്കറ്റ് ക്ലബ്ബ് മങ്കാദിംഗ് റണ്ണൗട്ടിനെക്കുറിച്ചുള്ള നിയമം 38.3.1ൽ പറയുന്നത് ഇങ്ങനെയാണ്, പന്ത് പ്ലേയില്‍ വരുന്ന നിമിഷം മുതൽ ബൗളർ സാധാരണയായി പന്ത് റിലീസ് ചെയ്യുന്ന നിമിഷം വരെയുള്ള ഏത് സമയത്തും, നോൺ-സ്ട്രൈക്കർ തന്‍റെ ക്രീസിന് പുറത്താണെങ്കിൽ റൺ ഔട്ട് ആകാൻ അവസരമുണ്ട്. ഈ സാഹചര്യങ്ങളിൽ, ബൗളർ സ്റ്റംപിലേക്ക് പന്ത് എറിയുകയോ ബൗളർ പന്ത് കൈയില്‍ പിടിച്ച് വിക്കറ്റ് വീഴ്ത്തുകയോ ചെയ്യുമ്പോൾ നോൺ-സ്ട്രൈക്കർ ക്രീസിന് പുറത്താണെങ്കിൽ റൺ ഔട്ട് ആകും.

Scroll to load tweet…

38.3.1.1 ബൗളറുടെ കൈ ഡെലിവറി സ്ട്രൈഡില്‍ ബൗളിംഗ് ആക്ഷന്‍റെ ഏറ്റവും ഉയർന്ന പോയന്‍റിൽ എത്തുന്ന നിമിഷമാണ് സാധാരണയായി ബൗളർ പന്ത് റിലീസ് ചെയ്യുന്ന നിമിഷമെന്ന് നിര്‍വചിച്ചിരിക്കുന്നത്.സാധാരണയായി ബൗളർ പന്ത് റിലീസ് ചെയ്യുന്നതിന് മുമ്പ് നോൺ-സ്ട്രൈക്കർ ക്രീസ് വിട്ടിട്ടുണ്ടെങ്കിൽ പോലും, ബൗളർ ബൗളിംഗ് സ്ട്രൈഡിന്‍റെ ഉയര്‍ന്ന പോയന്‍റിൽ എത്തിക്കഴിഞ്ഞാൽ, ഈ നിയമപ്രകാരം ബൗളർക്ക് നോൺ-സ്ട്രൈക്കറെ റൺ ഔട്ട് ആക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ റിഷഭ് പന്ത് അപ്പീല്‍ പിന്‍വലിച്ചില്ലെങ്കിലും ജിതേഷിനെ ടിവി അമ്പയര്‍ നോട്ടൗട്ടായി പ്രഖ്യാപിക്കുമെന്നാണ് നിയമം പറയുന്നത്.

ഇന്നലെ ആര്‍സിബി ഇന്നിംഗ്സിലെ പതിനേഴാം ഓവറിലെ അവസാന പന്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പന്തെറിയാനെത്തിയ ദിഗ്‌വേഷ് ആക്ഷൻ പൂര്‍ത്തിയാക്കിയെങ്കിലും പന്തെറിയുന്നതിന് മുമ്പ് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ ക്രീസ് വിട്ട ജിതേഷിനെ റണ്ണൗട്ടാക്കുകയായിരുന്നു. തുടര്‍ന്ന് ഔട്ടിനായി അപ്പീല്‍ ചെയ്തു. അപ്പീലില്‍ ഉറച്ചു നില്‍ക്കുന്നോ എന്ന് അമ്പയര്‍ മൈക്കല്‍ ഗഫ് ദിഗ്‌വേഷിനോട് ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും ഉറച്ചു നില്‍ക്കുന്നു എന്നായിരുന്നു മറുപടി. ഇതോടെ അമ്പയര്‍ തീരുമാനം ടിവി അമ്പയര്‍ക്ക് വിട്ടു. ദിഗ്‌വേഷ് റണ്ണൗട്ടാക്കുമ്പോള്‍ ജിതേഷിന്‍റെ ബാറ്റ് ക്രീസിലെത്തിയിട്ടില്ലെന്നും വായുവിലായിരുന്നുവെന്നും റിപ്ലേകളില്‍ വ്യക്തമായി. ആകാംക്ഷയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ തെളിഞ്ഞത് നോട്ട് ഔട്ടെന്നായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക