അശോക് മൽഹോത്ര, ജതിൻ പരഞ്ജപെ, സുലക്ഷണ നായിക് എന്നിവരടങ്ങുന്ന മൂന്നംഗ ഉപദേശക സമിതിയെയാണ് സെലക്ഷൻ കമ്മിറ്റി രൂപീകരണത്തിനായി ബിസിസിഐ ചുമതലപ്പെടുത്തിയത്.
ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റിയിലേക്ക് അപേക്ഷകൾ അയച്ച് സച്ചിന്റെയും ധോണിയുടെയും സെവാഗിന്റെയും ഇൻസമാം ഉൾ ഹഖിന്റെയും അപരന്മാർ. ടി20 ലോകകപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള മുഴുവൻ സെലക്ഷൻ പാനലിനെയും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പിരിച്ചുവിട്ടിരുന്നു. തുടർന്ന് ഇന്ത്യൻ ബോർഡ് അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയിലേക്ക് പുതിയ അപേക്ഷകൾ ക്ഷണിച്ചു. ഈ ഒഴിവിലേക്കാണ് സച്ചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി, വിരേന്ദർ സെവാഗ്, ഇൻസമാം എന്നിവരുടെ പേരിൽ വ്യാജ അപേക്ഷകൾ ബിസിസിഐക്ക് ലഭിച്ചത്.
അശോക് മൽഹോത്ര, ജതിൻ പരഞ്ജപെ, സുലക്ഷണ നായിക് എന്നിവരടങ്ങുന്ന മൂന്നംഗ ഉപദേശക സമിതിയെയാണ് സെലക്ഷൻ കമ്മിറ്റി രൂപീകരണത്തിനായി ബിസിസിഐ ചുമതലപ്പെടുത്തിയത്. പുറത്താക്കിയ അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്ന ചേതൻ ശർമയും ഹർവീന്ദർ സിങ്ങും വീണ്ടും അപേക്ഷിച്ചിട്ടുണ്ട്. സച്ചിന്റെയും ധോണിയുടെയും സെവാഗിന്റെയും വ്യാജന്മാർ സെലക്ഷൻ കമ്മിറ്റി ജോലിക്ക് അപേക്ഷ അയച്ച വാർത്ത വൈറലായി. പ്രമുഖ താരങ്ങളുടെ പേരിൽ വ്യാജന്മാരാണ് അപേക്ഷ അയച്ചതെന്ന് ബിസിസിഐ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്വന്റി20 ലോകകപ്പിൽ സെമിഫൈനലിൽ തോറ്റ് പുറത്തായതോടെയാണ് സെലക്ഷൻ കമ്മിറ്റിയെ ഒഴിവാക്കി പുതിയ അംഗങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഏറെ പ്രതീക്ഷയോടെയാണ് ടീം ഇന്ത്യ ട്വന്റി20 ലോകകപ്പിനിറങ്ങിയത്. എന്നാൽ, രോഹിത് ശർമയുടെ നേതൃത്വത്തിലിറങ്ങിയ ടീമിനെ കപ്പടിക്കാനായില്ല. സെമിയിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് നാട്ടിലേക്ക് മടങ്ങി. ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇംഗ്ലണ്ട് കപ്പ് നേടുകയും ചെയ്തു.
