ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഗംഭീറിന്‍റെ സഹ പരിശീലകനായിരുന്ന അഭിഷേക് നായരെ ഇന്ത്യൻ ടീമിന്‍റെ സഹപരിശീലകനായി നിയമിച്ചത്.

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ കോച്ചിംഗ് സ്റ്റാഫില്‍ അടിമുടി അഴിച്ചുപണിയുമായി ബിസിസിഐ. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന് കീഴില്‍ സഹ പരിശീലകനായിരുന്ന അഭിഷേക് നായരെയും ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിനെയും സ്ട്രെങ്ത്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് സോഹം ദേശായിയെയും ബിസിസിഐ പുറത്താക്കി. ടീമിന്‍റെ ഒരു മസാജറെ കൂടി പുറത്താക്കിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിനുശേഷം രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഗംഭീറിന്‍റെ സഹ പരിശീലകനായിരുന്ന അഭിഷേക് നായരെ ഇന്ത്യൻ ടീമിന്‍റെ സഹപരിശീലകനായി നിയമിച്ചത്. ടി ദിലീപ് ആകട്ടെ രാഹുല്‍ ദ്രാവിഡിന് കീഴിലും ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകനായിരുന്നു. ഗൗതം ഗംഭീറിന് കീഴില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ സഹ പരിശീലകരായിരുന്ന റിയാന്‍ ടെന്‍ ഡോഷെറ്റെ, ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍ എന്നിവരെ തല്‍സ്ഥാനത്ത് നിലനിര്‍ത്തിയിട്ടുണ്ട്.

ബാറ്റിംഗ് തുടങ്ങും മുമ്പ് അമ്പയറുടെ ബാറ്റ് പരിശോധന, ബാറ്റ് മാറ്റാന്‍ നിര്‍ബന്ധിതരായി 2 കൊല്‍ക്കത്ത താരങ്ങള്‍

പുതിയ ഫീല്‍ഡിംഗ് പരിശീലകനെ നിയമിക്കുന്നതുവരെ റിയാന്‍ ടെൻ ഡോഷെറ്റെ ആയിരിക്കും ഫീല്‍ഡിംഗ് പരിശീലകന്‍റെ ചുമതല കൂടി വഹിക്കുക. അഭിഷേക് നായർക്കും സോഹം ദേശായിക്കും പകരക്കാരെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പാണ് ബിസിസിഐയുടെ നിര്‍ണായക തീരുമാനം പുറത്തുവന്നത്. ജൂണ്‍ 20 മുതലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.

രോഹിത്തും കോലിയുമെല്ലാം പിന്നിൽ, മുന്നിൽ ധോണി മാത്രം, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാവാൻ ശ്രേയസ്

നാട്ടില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും 1-3ന് കൈവിട്ടിരുന്നു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലിലെത്താനുള്ള ഇന്ത്യയുടെ അവസരവും നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് കോച്ച് ഗൗതം ഗംഭീറിന് മേല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ബിസിസിഐ രംഗത്തെത്തിയത്. അഭിഷേക് നായരും റിയാന്‍ ടെന്‍ ഡോഷെറ്റെയും മോര്‍ണി മോര്‍ക്കലും ഗംഭീറിന് കീഴില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലും സഹപരിശീലകരായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക