അഞ്ച് ടെസ്റ്റുകളിലായി 185.3 ഓവറുകള്‍ എറിഞ്ഞ സിറാജ് വാഴ്ത്തി പലരും രംഗത്ത് വന്നിരുന്നു.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ സൂപ്പര്‍സ്റ്റാര്‍ സംസ്‌കാരത്തിന് എതിരാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍. അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതുമാണ്. വ്യക്തിക്ക് പ്രാധാന്യം നല്‍കാതെ ഒരു ടീം പടുത്തുയര്‍ത്താനാണ് ഗംഭീറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ശ്രമിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 2-2ന് സമനില പിടിച്ചത് ഇരുവര്‍ക്കും ഗുണം ചെയ്യും. ജോലിഭാരം കൈകാര്യം ചെയ്യുന്നതിനായി ചില താരങ്ങള്‍ മത്സരങ്ങളും പരമ്പരകളും ഒഴിവാക്കുന്നത് അവസാനിപ്പിക്കാനുള്ള ശ്രമമാണ് ബിസിസിഐ ഇനി നടത്തുക.
അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. '''ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. കളിക്കാന്‍ ചില മത്സരങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്ന താരങ്ങളുടെ തീരുമാനം നിര്‍ത്തലാക്കാനാണ് ആലോചിക്കുന്നത്. വര്‍ക്ക് ലോഡ് മാനേജ്‌മെന്റ് ഒഴിവാക്കപ്പെടുമെന്ന് ഇതിനര്‍ത്ഥമില്ല, പക്ഷേ സമീപഭാവിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും. ഫാസ്റ്റ് ബൗളര്‍മാരുടെ ജോലിഭാരം കൈകാര്യം ചെയ്യേണ്ടതുണ്ട്. പക്ഷേ വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ പേരില്‍ താരങ്ങള്‍ നിര്‍ണായക മത്സരങ്ങള്‍ കളിക്കാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.'' ബിസിസിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അഞ്ച് ടെസ്റ്റുകളിലായി 185.3 ഓവറുകള്‍ എറിഞ്ഞ സിറാജ് വാഴ്ത്തി പലരും രംഗത്ത് വന്നിരുന്നു. മറ്റു താരങ്ങള്‍ അദ്ദേഹത്തെ കണ്ട് പഠിക്കണമെന്നാണ് മുന്‍ താരങ്ങളുടെ അഭിപ്രായം. കഴിഞ്ഞ ആറ് ആഴ്ചകളായി മണിക്കൂറുകളോളം ഫീല്‍ഡിംഗ് നടത്തിയതും നെറ്റ്‌സില്‍ എറിഞ്ഞതുമായ ഓവറുകള്‍ മറക്കാന്‍ പാടില്ലാത്തതാണ്. മികച്ച ഫിറ്റ്‌നസ് എങ്ങനെയിരിക്കും എന്നതിന്റെ ഉദാഹരണമാണ് സിറാജ്. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് പോലും പല പ്രശ്നങ്ങള്‍ക്കിടയിലും നാലാം ടെസ്റ്റിന്റെ അവസാനം വരെ മാരത്തണ്‍ സ്‌പെല്ലുകള്‍ എറിഞ്ഞിരുന്നു.
ജോലിഭാരം എന്ന് പറഞ്ഞ് മത്സരങ്ങള്‍ കളിക്കാത്തതിനെ കുറിച്ച് മുമ്പ് സുനില്‍ ഗവാസ്‌ക്കറും സംസാരിച്ചിരുന്നു. ''രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ വേദനകളും ബുദ്ധിമുട്ടുകളും മറക്കുക. അതിര്‍ത്തിയില്‍, ജവാന്‍മാര്‍ തണുപ്പിനെക്കുറിച്ച് പരാതിപ്പെടുന്നുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഋഷഭ് പന്ത് നിങ്ങള്‍ക്ക് എന്താണ് കാണിച്ചുതന്നത്? അദ്ദേഹം പരിക്കേറ്റാണ് ബാറ്റ് ചെയ്യാന്‍ വന്നത്. കളിക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതും അതാണ്. ഇന്ത്യയ്ക്കായി ക്രിക്കറ്റ് കളിക്കുന്നത് ഒരു ബഹുമതിയാണ്.'' ഗവാസ്‌കര്‍ പറഞ്ഞു.

