Asianet News MalayalamAsianet News Malayalam

Sourav Ganguly vs Virat Kohli: കോലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് ?, പ്രതികരിച്ച് ഗാംഗുലി

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് യാത്ര തിരിക്കും മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യം സെലക്ഷന്‍ കമ്മിറ്റി ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് പറഞ്ഞതെന്നും ടി20 നായകസ്ഥാനം ഒഴിയരുതെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കോലി പറഞ്ഞത്.

BCCI vs Virat Kohli: Sourav Ganguly responds to reports Of Showcause Notice To Virat Kohli
Author
Mumbai, First Published Jan 22, 2022, 3:43 PM IST

മുംബൈ: ഇന്ത്യന്‍ ഏകദിന ടീമിന്‍റെ നായകസ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാലെ ബിസിസിഐക്കും(BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കുമെതിരെ(Sourav Ganguly) വിവാദ പ്രസ്താവന നടത്തിയ വിരാട് കോലിക്ക്(Virat Kohli) ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ഒരുങ്ങിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഗാംഗുലി. ഇത്തരം ആരോപണങ്ങള്‍ സത്യമല്ലെന്ന് ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് യാത്ര തിരിക്കും മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കുന്ന കാര്യം സെലക്ഷന്‍ കമ്മിറ്റി ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് പറഞ്ഞതെന്നും ടി20 നായകസ്ഥാനം ഒഴിയരുതെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കോലി പറഞ്ഞത്. നേരത്തെ ടി20 ടീമിന്‍റെ നായകസ്ഥാനം ഒഴിയരുതെന്ന് താന്‍ വ്യക്തിപരമായും ബിസിസിഐയും കോലിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഗാംഗുലി പറഞ്ഞതിനുള്ള മറുപയിയായിട്ടായിരുന്നു കോലിയുടെ പ്രതികരണം.

ഇതിന് പിന്നാലെയാണ് ബിസിസിഐക്കെതിരെ നടത്തിയ പരസ്യ പ്രസ്താവനയുടെ പേരില്‍ കോലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്ന് ഗാംഗുലി നിലപാടെടുത്തത് എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വിവാദം ആളിക്കത്തിച്ചാല്‍ അത് ദക്ഷിണാഫ്രിക്കയില്‍ നിര്‍ണായക പരമ്പര കളിക്കുന്ന  ടീമിന്‍റെ മനോവീര്യം തകര്‍ക്കുന്ന നടപടിയാവുമതെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് തല്‍ക്കാലും കടുത്ത നടപടികള്‍ വേണ്ടെന്ന് ഗാംഗുലിയെ ഉപദേശിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഈ വാര്‍ത്തയോടാണ് അത് അസത്യമാണെന്ന് ഗാംഗുലി ഒറ്റവാക്കില്‍ പ്രതികരിച്ചത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഗാംഗുലിയെ ന്യായീകരിച്ചും കോലിയെ തള്ളിയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ രംഗത്തുവന്നിരുന്നു. ഇതിന് ശേഷമാണ് ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സിയും രാജിവെച്ച് രംഗത്തെത്തിയത്. ടി20 ലോകകപ്പിന് മുന്നോടിയായാണ് കോലി ലോകകപ്പിനുശേഷം ടി20 ടീമിന്‍റെ നായകസ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ലോകകപ്പിന് മുമ്പ് ഇത്തരമൊരു പ്രഖ്യാപനം നടത്തരുതെന്നും ലോകകപ്പിനുശേഷം ആലോചിക്കാമെന്നും ബിസിസിഐ കോലിയെ അറിയിച്ചിരുന്നെങ്കിലും മുന്‍ തീരുമാനത്തില്‍ ഉറച്ച് കോലി മുന്നോട്ടുപോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഏകദിന നായക സ്ഥാനത്തു നിന്ന് കോലിയെ നീക്കി രോഹിത് ശര്‍മയെ നായകനാക്കിയത്.

Follow Us:
Download App:
  • android
  • ios