കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനായി സെഞ്ചുറി അടിച്ച് തുടങ്ങിയെങ്കിലും സീസണിലാകെ 14 മത്സരങ്ങളില്‍ 354 റണ്‍സെടുക്കാനെ ഇഷാന്‍ കിഷനായിരുന്നുള്ളു.

മുംബൈ: ഐപിഎല്‍ മിനി താരലേലത്തിന് ടീമുകള്‍ തയാറെടുക്കുമ്പോള്‍ കഴിഞ്ഞ സീസണില്‍ കൈവിട്ട താരത്തെ തിരിച്ചെത്തിക്കാന്‍ മുംബൈ ഇന്ത്യൻസ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മെഗാ താരലേലത്തില്‍ മുംബൈ കൈവിട്ട വെടിക്കെട്ട് ഓപ്പണര്‍ ഇഷാന്‍ കിഷനെയാണ് മുംബൈ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മ അധികകാലം ഉണ്ടാകില്ലെന്ന തിരിച്ചറിവിലാണ് 27കാരനായ താരത്തെ മുംബൈ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ സീസണില്‍ മുംബൈ കൈവിട്ട ഇഷാന്‍ കിഷനെ 11.5 കോടി മുടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് ആണ് ടീമിലെത്തിച്ചത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനായി സെഞ്ചുറി അടിച്ച് തുടങ്ങിയെങ്കിലും സീസണിലാകെ 14 മത്സരങ്ങളില്‍ 354 റണ്‍സെടുക്കാനെ ഇഷാന്‍ കിഷനായിരുന്നുള്ളു. രോഹിത് ശര്‍മ ഓപ്പണറായി അധികകാലം ടീമിനൊപ്പമുണ്ടാവില്ലെന്നാണ് മുംബൈ ഇന്ത്യൻസിന്‍റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഇഷാൻ കിഷനെ തിരിച്ചെത്തിക്കുന്നത് ഓപ്പണറെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ഗുണകരമാകുമെന്നാണ് ടീമിന്‍റെ വിലയിരുത്തല്‍. മുംബൈ ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന താരം കൂടിയാണ് ഇഷാന്‍ കിഷന്‍.

ഇഷാനെ ടീമിലെത്തിക്കാന്‍ പരസ്പര ധാരണപ്രകാരമുള്ള കൈമാറ്റത്തിനായി മുംബൈ ഇന്ത്യൻസ് ഹൈദരാബാദിനെ ഔദ്യോഗികമായി സമീപിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇഷാന്‍ കിഷനായി മുംബൈ മാത്രമല്ല, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 11.5 കോടിക്ക് സ്വന്തമാക്കിയ ഇഷാന്‍ കിഷനെ കൈവിടാന്‍ ഹൈദരാബാദ് തയാറാകുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. ഇന്ത്യൻ ടീമില്‍ നിന്ന് രണ്ട് വര്‍ഷമായി പുറത്തായ ഇഷാന്‍ കിഷനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ റിഷഭ് പന്തിന് പരിക്കേറ്റപ്പോള്‍ ഇന്ത്യൻ ടീമിലെടുത്തെങ്കിലും പരിക്കിനെ തുടര്‍ന്ന് ഒഴിവാക്കി. പിന്നീട് എന്‍ ജഗദീശനാണ് ഇഷാന് പകരം ടീമിലെത്തിയത്. രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇഷാന്‍ ജാര്‍ഖണ്ഡിനായി സെഞ്ചുറി നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക