ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കിയെങ്കിലും ആറ് വിക്കറ്റ് കൈയിലിരിക്കെ പാകിസ്ഥാന് 23 റണ്‍സിന്‍റെ ആകെ ലീഡ് മാത്രമാണ് ഇപ്പോഴുള്ളത്.

റാവല്‍പിണ്ടി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കിയ പാകിസ്ഥാന് മികച്ച ലീഡ് സമ്മാനിക്കാനായി ബാബര്‍ അസം പൊരുതുന്നു. 71 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്. 49 റണ്‍സോടെ മുന്‍ നായകന്‍ ബാബര്‍ അസമും 16 റണ്‍സോടെ മുഹമ്മദ് റിസ്‌വാനുമാണ് ക്രീസില്‍. 

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കിയെങ്കിലും ആറ് വിക്കറ്റ് കൈയിലിരിക്കെ പാകിസ്ഥാന് 23 റണ്‍സിന്‍റെ ആകെ ലീഡ് മാത്രമാണ് ഇപ്പോഴുള്ളത്. ഇമാം ഉള്‍ ഹഖ്(9), അബ്ദുള്ള ഷഫീഖ്(6), ക്യാപ്റ്റൻ ഷാന്‍ മസൂദ്(0), സൗദ് ഷക്കീല്‍(11) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. ഒരു ഘട്ടത്തില്‍ 60-4ലേക്ക് കൂപ്പുകുത്തി. പാകിസ്ഥാനെ ബാബറും റിസ്‌വാനും ചേര്‍ന്നാണ് കരകയറ്റിയത്. ദക്ഷിണാഫ്രിക്കകകായി സൈമണ്‍ ഹാര്‍മര്‍ മൂന്നും കാഗിസോ റബാദ ഒരു വിക്കറ്റുമെടുത്തു.

തകര്‍ത്തടിച്ച് വാലറ്റം

നാലിന് 185 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ക്രീസിലെത്തിയത്. തുടക്കത്തിലെ കെയ്ല്‍ വെറെയ്‌നെയുടെ (10) വിക്കറ്റ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ക്ക് സാധിച്ചില്ല. തുടര്‍ന്നെത്തിയ സിമോണ്‍ ഹാര്‍മര്‍ (2), മാര്‍കോ യാന്‍സന്‍ (12) എന്നിവരും പെട്ടെന്ന് മടങ്ങിയതോടെ ദക്ഷണാഫ്രിക്ക 235-8ലേക്ക് തകര്‍ന്ന് കൂറ്റന്‍ ലീഡ് വഴങ്ങുമെന്ന് കരുതിയെങ്കിലും കേശവ് മഹാരാജിനെ (30) കൂട്ടുപിടിച്ച് സെനുരാന്‍ മുത്തുസാമി നടത്തിയ പോരാട്ടം ദക്ഷിണാഫ്രിക്കയെ 300 കടത്തി.

എന്നാല്‍ മഹാരാജിനെ പുറത്താക്കി നോമാന്‍ അലി പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. മഹാരാജ് മടങ്ങുമ്പോള്‍ ഒമ്പതിന് 306 എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന റബാഡയും മുത്തുസ്വാമിയും ചേര്‍ന്ന് 98 റണ്‍സ് കൂട്ടുകെട്ടിലൂടെ ദക്ഷിണാഫ്രിക്കയെ 400 കടത്തിയതിനൊപ്പം മികച്ച ലീഡും സമ്മാനിച്ചു. മുത്തുസ്വാമി 89 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ പതിനൊന്നാമനായി ക്രീസിലെത്തിയ റബാദ 61 പന്തില്‍ 71 റൺസെടുത്തു. പാകിസ്ഥാനുവേണ്ടി അരങ്ങേറിയ 38കാരനായ ആസിഫ് അഫ്രീദി ആറ് വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക