ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറെ മറികടന്ന് സ്റ്റോക്സ് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ഒന്നരവര്‍ഷത്തോളം ഹോള്‍ഡറായിരുന്നു ഓള്‍ റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ സ്റ്റീവ് സ്മിത്തിനും വിരാട് കോലിക്കും പുറകിലായി മൂന്നാം സ്ഥാനത്ത് എത്താനും സ്റ്റോക്സിനായി.

മാഞ്ചസ്റ്റര്‍ ടെസ്റ്റിന് മുമ്പ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഹോള്‍ഡര്‍ക്ക് 54 റേറ്റിംഗ് പോയന്റ് പിന്നിലായിരുന്നു സ്റ്റോക്സ്. എന്നാല്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ ഉജ്ജ്വല പ്രകടനത്തോടെ ഹോല്‍ഡറേക്കാള്‍ 38 റേറ്റിംഗ് പോയന്റിന്റെ ലീഡുമായാണ് സ്റ്റോക്സ് ഒന്നാം സ്ഥാനത്ത് എത്തിയത്. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 176ഉം രണ്ടാം ഇന്നിംഗ്സില്‍ 78 റണ്‍സടിച്ച സ്റ്റോക്സിന്റെ പ്രകടനമാണ് ബാറ്റിംഗ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത് എത്തിച്ചത്.  ഓസീസ് താരം മാര്‍നസ് ലാബഷെയ്നാണ് ബാറ്റിംഗ് റാങ്കിംഗില്‍ സ്റ്റോക്സിനൊപ്പം മൂന്നാം സ്ഥാനം പങ്കിടുന്നത്.

സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്‍മാരായ കെയ്ന്‍ വില്യംസണെയും ജോ റൂട്ടിനെയും ബാബര്‍ അസമിനെയുമെല്ലാം പിന്തള്ളിയാണ് സ്റ്റോക്സിന്റെ നേട്ടം. മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ ഭേദപ്പെട്ട ബൗളിംഗ് പ്രകടനത്തോടെ ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി. പത്താം സ്ഥാനത്താണ് ബ്രോഡ് ഇപ്പോള്‍. രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന ജെയിംസ് ആന്‍ഡേഴ്സണ്‍ പതിനൊന്നാം സ്ഥാനത്തായി. ബൗളിംഗിലും വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ക്ക് തിരിച്ചടിയേറ്റു. ഒരു സ്ഥാനം താഴേക്കിറങ്ങിയ ഹോള്‍ഡര്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. ഓസ്ട്രേലിയയുടെ പാറ്റ് കമിന്‍സ് ഒന്നാം സ്ഥാനത്തും ന്യൂസിലന്‍ഡിന്റെ നീല്‍ വാഗ്നര്‍ രണ്ടാം സ്ഥാനത്തുമുണ്ട്.