ലണ്ടന്‍: കൊവിഡ് 19 ഭീതിയില്‍ ഐപിഎല്ലിന്റെ പതിമൂന്നാം സീസണ്‍ ഏതാണ്ട് ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. രാജ്യത്ത് 21 ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടക്കാനുള്ള സാധ്യത വളരെ കുറവാണ്. ഐപിഎല്‍ നടക്കേുമൊ ഇല്ലയോ എന്ന് ഉറപ്പില്ലെങ്കിലും ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് വ്യക്തമാക്കി.

പ്രതിസന്ധികള്‍ മാറി ഐപിഎല്‍ ഈ വര്‍ഷം നടന്നാല്‍ താന്‍ കളിക്കുമെന്ന് വ്യക്തമാക്കി. താരം തുടര്‍ന്നു... ''സാഹചര്യങ്ങള്‍ മാറിയാല്‍ ഞാന്‍ അടുത്തതായി കളിക്കുന്ന ടൂര്‍ണമെന്റ് ഐപിഎല്‍ ആയിരിക്കും. ഈ അവസ്ഥ മാറുമെന്ന് തന്നെ കരുതാം. എല്ലാവിധത്തിലും ഞാന്‍ തയ്യാറെടുത്ത് കഴിഞ്ഞു. ശാരീരികമായി ഇപ്പോള്‍ പൂര്‍ണ ഫിറ്റാണ്. 

ഇനി ഐപിഎല്‍ നടക്കുകയാണെങ്കില്‍ തീര്‍ച്ചയായും കളിക്കുക തന്നെ ചെയ്യും. ടൂര്‍ണമെന്റ് നടക്കുമോയെന്ന സംശയത്തിന്റെ പേരില്‍ മൂന്നാഴ്ച വിശ്രമിക്കാന്‍ തയ്യാറല്ല. ഇപ്പോഴും പരിശീലനം നടത്താറുണ്ട്. ചിലപ്പോള്‍ ഐപിഎല്‍ നടന്നേക്കും, ഇനി ഐപിഎല്‍ സംഭവിക്കുകയാണെങ്കില്‍ ഫിറ്റ്നസ് ഇല്ലാതെ കളിക്കാന്‍ ആഗ്രഹിക്കുന്നില്ല.'' സ്റ്റോക്സ് പറഞ്ഞുനിര്‍ത്തി.