ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ അടുത്ത ആഴ്ച ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് നയിക്കും. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സാഹചര്യത്തിലാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ നായകനാവുന്നത്.

റൂട്ട് ആദ്യ ടെസ്റ്റിനുണ്ടാവില്ലെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റിന് മുമ്പ് ബുധനാഴ്ച ആരംഭിക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ ത്രിദിന പരിശീലന മത്സരത്തിലും റൂട്ട് പങ്കെടുക്കില്ല. ഭാര്യയുടെ പ്രസവം കഴിഞ്ഞ് ഒരാഴ്ചത്തെ ഐസോലഷന്‍ കാലാവധി കഴിഞ്ഞ ശേഷമെ റൂട്ട് വീണ്ടും ഇംഗ്ലണ്ട് ടീമിനൊപ്പം ചേരു.


16ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് റൂട്ട് ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സതാംപ്ടണില്‍ എട്ടിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ബെന്‍ സ്റ്റോക്സ് നായകനാവുന്നതോടെ ജോസ് ബട്‌ലര്‍ വൈസ് ക്യാപ്റ്റനാകും. കൊവിഡ് 19 മഹാമാരി പടര്‍ന്നുപിടിച്ചശേഷം നടക്കുന്ന ആദ്യ ക്രിക്കറ്റ് പരമ്പരയാണ് ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ളത്. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാതെയാണ് മത്സരം നടത്തുന്നത്.