മുഹമ്മദ് ഷമിയുടെ തകർപ്പൻ ബോളിംഗ് പ്രകടനത്തിന്റെ മികവിൽ രഞ്ജി ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ ബംഗാളിന് എട്ട് വിക്കറ്റ് ജയം.  രണ്ടാം ഇന്നിംഗ്‌സിൽ അഭിമന്യൂ ഈശ്വരൻ പുറത്താവാതെ 71 റൺസ് നേടി ബംഗാളിന്റെ വിജയം എളുപ്പമാക്കി.

കൊല്‍ക്കത്ത: മുഹമ്മദ് ഷമിയുടെ കരുത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തരാഖണ്ഡിനെതിരെ ബംഗാളിന് ജയം. രണ്ട് ഇന്നിംഗ്‌സിലും ഏഴ് വിക്കറ്റ് വീഴ്ത്തിയ ഷമി ബംഗാളിന് എട്ട് വിക്കറ്റ് ജയം സമ്മാനിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ഉത്തരാഖണ്ഡിനെ 265 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ബംഗാള്‍ വിജയലക്ഷ്യമായ 156 റണ്‍സ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. അഭിമ്യൂ ഈശ്വരന്‍ (71) പുറത്താവാതെ നിന്നു. സുദീപ് കുമാര്‍ 46 റണ്‍സെടുത്തു. സുദീപ് ചാറ്റര്‍ജി (16), വിശാല്‍ സുനില്‍ ഭാട്ടി (16) എന്നിവരുടെ വിക്കറ്റുകളാണ് ബംഗാളിന് നഷ്ടമായത്.

ആദ്യ ഇന്നിംഗ്‌സില്‍ ബംഗാള്‍ 323 റണ്‍സെടുത്തപ്പോള്‍ ഉത്തരാഖണ്ഡ് 213 റണ്‍സിന് പുറത്തായിരുന്നു. 110 റണ്‍സ് ലീഡ് നേടിയ ബംഗാള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഉത്തരാഖണ്ഡിനെ 265 റണ്‍സിന് പുറത്താക്കിയപ്പോള്‍ നാലു വിക്കറ്റുമായാണ് ഷമി തിളങ്ങിയത്. 24.4 ഓവറില്‍ 7 മെയ്ഡിന്‍ അടക്കം വെറും 38 റണ്‍സ് മാത്രം വഴങ്ങിയാണ് ഷമി നാലു വിക്കറ്റുകള്‍ വീഴ്ത്തിയത്. 72 റണ്‍സുമായി ഉത്തരാഖണ്ഡിന്റെ ടോപ് സ്‌കോററായ ക്യാപ്റ്റന്‍ കുനാല്‍ ചന്ദേല, എസ് സുചിത്ത്, അഭയ് നേഗി, ജേന്‍മെജെ എന്നിവരുടെ വിക്കറ്റുകളാണ് ഷമി എറിഞ്ഞിട്ടത്.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ 14.5 ഓവറില്‍ 37 റണ്‍സ് വഴങ്ങിയായിരുന്നു ഷമി മൂന്ന് വിക്കറ്റെടുത്തത്. ബംഗാളിന് വേണ്ടി ഷമിക്ക് പുറമെ ആകാശ് ദീപ്, ഇഷാന്‍ പോറല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഫിറ്റ്‌നെസില്ലായ്മയുടെ പേരില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുഹമ്മദ് ഷമി മത്സരത്തിലാകെ 39.3 ഓവറുകള്‍ എറിഞ്ഞുവെന്നതും ഏഴ് വിക്കറ്റ് വീഴ്ത്തിയെന്നതും ശ്രദ്ധേയമായി. ഫിറ്റ്‌നെസില്ലാത്തതിന്റെ പേരിലാണ് ഷമിയെ ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കുമെതിരായ പരമ്പരകളില്‍ പരിഗണിക്കാതിരുന്നതെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.

YouTube video player