ആര്‍സിബി മാനേജ്മെന്‍റിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയരുന്നത്. ആഘോഷം ആര് സംഘടിപ്പിച്ചു എന്നതില്‍ അടക്കം വ്യക്തതയില്ല

ബംഗളൂരു: ഐപിഎല്‍ കിരീടം നേടിയതിന്‍റെ വിക്ടറി പരേഡ് റദ്ദാക്കി ആര്‍സിബി. വിജയാഘോഷത്തിന്‍റെ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സാഹചര്യത്തിലാണ് ആഘോഷ പരിപാടികൾ റദ്ദാക്കിയത്. ആര്‍സിബി മാനേജ്മെന്‍റിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയരുന്നത്. ആഘോഷം ആര് സംഘടിപ്പിച്ചു എന്നതില്‍ അടക്കം വ്യക്തതയില്ല. ആഘോഷ പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഐപിഎൽ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മരണസംഖ്യ രണ്ടക്കത്തിൽ എത്തിയപ്പോഴും വിക്ടറി പരേഡിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ആര്‍സിബി അപ്ലോഡ് ചെയുന്നുണ്ടായിരുന്നു. ഇതിനെതിരെയും വൻ വിമർശനമാണ് ഉയരുന്നത്. മരണസംഖ്യ ഉയരുമ്പോൾ ദുരന്തത്തിനിടെയിലും ആഘോഷം നടത്തിയ ടീമിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഉയരുമ്പോഴും വിരാട് കോലി അടക്കമുള്ളവര്‍ ആഘോഷ പരിപാടികളിലായിരുന്നു. പൊലീസിനെ പഴി പറയാനാകില്ലെന്നും എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിനെന്നാണ് പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. 

11 പേര്‍ക്കാണ് തിക്കിലും തിരക്കിലും ജീവൻ നഷ്ടമായത്. തീവ്രപരിചരണ വിഭാഗത്തിൽ 11 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ബെംഗളുരുവിലെ വിക്ടറി പരേഡിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ഐപിഎൽ ഭരണ സമിതി വ്യക്തമാക്കി. ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ച് അറിയില്ലെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പറഞ്ഞു. ആരാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അറിയില്ല. ഐപിഎല്ലുമായി ഇതിന് ഒരു ബന്ധവുമില്ല. ദുരന്തത്തെ കുറിച്ച് അറിഞ്ഞില്ല എന്നാണ് ആര്‍സിബി അധികൃതർ തന്നോട് പറഞ്ഞതെന്നും ഉടൻ പരിപാടി അവസാനിപ്പിക്കും എന്ന് തനിക്ക് ഉറപ്പ് നൽകിയെന്നും അരുൺ ധുമാൽ കൂട്ടിച്ചേര്‍ത്തു.