ടീം മലമറിച്ചിട്ടൊന്നും കാര്യമില്ല; കെ എല്‍ രാഹുല്‍ ഇന്നും എയറില്‍ തന്നെ, താഴെയിറക്കാതെ ആരാധകര്‍
രാഹുലിന്‍റെ റണ്ണിനായി ആരാധകര്‍ ക്ഷമയോടെ കാത്തിരിക്കുന്ന ട്രോളുകള്‍ ട്വിറ്ററില്‍ നിറഞ്ഞുകഴിഞ്ഞു

നാഗ്‌പൂര്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി തുടങ്ങും മുമ്പ് ടീം ഇന്ത്യ നേരിട്ട പ്രധാന ചോദ്യങ്ങളിലൊന്ന് ഓപ്പണറായി രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ എല്‍ രാഹുല്‍ വരണോ അതോ ശുഭ്‌മാന്‍ ഗില്ലിന് അവസരം നല്‍കണോ എന്നതായിരുന്നു. ഗില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുമ്പോള്‍ രാഹുല്‍ സമീപകാലത്ത് ഒട്ടും സ്ഥിരത കൈവരിച്ചിരുന്നില്ല. എന്നിട്ടും നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനിലേക്ക് കെ എല്‍ രാഹുലിന് നറുക്ക് വീണപ്പോള്‍ താരം നിരാശപ്പെടുത്തി എന്ന വിമര്‍ശനമാണ് ആരാധകര്‍ക്ക്.
ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിന്‍റെ 177 റണ്‍സിന് മറുപടിയായി ഇന്ത്യ തുടക്കത്തിലെ ആക്രമിച്ച് കളിച്ചാണ് തുടങ്ങിയത്. നായകന്‍ രോഹിത് ശര്‍മ്മ ബൗണ്ടറികളുമായി കുതിച്ചപ്പോള്‍ പക്ഷേ രാഹുലിന്‍റെ ബാറ്റില്‍ നിന്ന് ഒരൊറ്റ ഫോറേ പിറന്നുള്ളൂ. 71 പന്ത് നേരിട്ട രാഹുല്‍ 20 റണ്‍സുമായി അരങ്ങേറ്റ താരം ടോഡ് മര്‍ഫിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ഇതോടെയാണ് രാഹുലിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. രാഹുലിന്‍റെ ഫോറിനായി ആരാധകര്‍ ക്ഷമയോടെ കാത്തിരിക്കുന്ന ട്രോളുകള്‍ ട്വിറ്ററില്‍ നിറഞ്ഞുകഴിഞ്ഞു. രാഹുലിന്‍റെ മെല്ലെപ്പോക്ക് രൂക്ഷ വിമര്‍ശനം നേരിടുന്നത് ഇതാദ്യമല്ല. മുമ്പ് മോശം സ്ട്രൈക്ക് റേറ്റിന് ഏറെ പഴി കേട്ടിട്ടുണ്ട് താരം.
അതേസമയം രാഹുലിന്‍റെ വിക്കറ്റ് നഷ്‌ടമാകുമ്പോള്‍ ഇന്ത്യ 22.5 ഓവറില്‍ 76 റണ്‍സിലെത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗം റണ്‍സും ഹിറ്റ്‌മാന്‍റെ ബാറ്റില്‍ നിന്നായിരുന്നു. ഒന്നാം ദിനം സ്റ്റംപ് എടുത്തപ്പോള്‍ രോഹിത് ശര്‍മ്മയും(69 പന്തില്‍ 56*), നൈറ്റ് വാച്ച്‌മാന്‍ രവിചന്ദ്രന്‍ അശ്വിനുമാണ്(5 പന്തില്‍ 0*) ക്രീസില്‍.
നേരത്തെ അഞ്ച് വിക്കറ്റുമായി രവീന്ദ്ര ജഡേജയും മൂന്ന് പേരെ മടക്കി രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റുമായി മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാണ് ഓസീസിനെ ഒന്നാം ഇന്നിംഗ്‌സില്‍ 177ല്‍ തളച്ചത്. 49 റണ്‍സുമായി ഓസീസ് ഇന്നിംഗ്‌സിലെ ടോപ് സ്കോറര്‍ മാര്‍നസ് ലബുഷെയ്‌നായിരുന്നു. സ്റ്റീവ് സ്‌മിത്ത്(37), അലക്‌സ് ക്യാരി(36), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്(31) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റര്‍മാര്‍. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ഉസ്‌മാന്‍ ഖവാജയും ഓരോ റണ്‍സെടുത്ത് പുറത്തായി.
അരങ്ങേറ്റത്തിന് പിന്നാലെ അമ്മയുടെ സ്നേഹാലിംഗനം; കെ എസ് ഭരതിന്‍റെ ചിത്രം വൈറല്‍