ടീം ഇന്ത്യക്കായി 491 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള കിംഗ് കോലി 74 സെഞ്ചുറികളും 129 അര്‍ധസെഞ്ചുറികളും 24948 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ റെക്കോര്‍ഡുകളുടെ തോഴനാണ് വിരാട് കോലി. റണ്ണൊഴുകുന്ന ബാറ്റ് കൊണ്ട് മറ്റൊരു നാഴികക്കല്ലിന് അരികെയാണ് കിംഗ് കോലി. അതും ദില്ലിയിലെ സ്വന്തം ഹോം ടൗണിലെ കാണികള്‍ക്ക് മുന്നില്‍. രാജ്യാന്തര കരിയറില്‍ 25000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം താരമാകാനാണ് കോലി തയ്യാറെടുക്കുന്നത്. അതിനാല്‍ തന്നെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ദില്ലിയിലെ രണ്ടാം ടെസ്റ്റില്‍ ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നാകും കോലി. 

ചരിത്ര നേട്ടത്തിലേക്ക് വിരാട് കോലിയുടെ ബാറ്റിന് 52 റണ്‍സിന്‍റെ അകലം മാത്രമേയുള്ളൂ. ഇതുവരെ 47 ഹോം മത്സരങ്ങളില്‍ 3859 റണ്‍സുള്ള കോലിക്ക് ദില്ലിയില്‍ റെക്കോര്‍ഡ് സ്വന്തമാക്കാനായേക്കും. ഇന്ത്യന്‍ താരങ്ങളില്‍ ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമേ 25000 റണ്‍സ് ക്ലബില്‍ മുമ്പ് എത്തിയിട്ടുള്ളൂ. എക്കാലത്തേയും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനക്കാരനാണ് കോലി. 34357 റണ്‍സുമായി സച്ചിനാണ് തലപ്പത്ത്. 664 മത്സരങ്ങളില്‍ നിന്ന് 100 സെഞ്ചുറികളും 164 ഫിഫ്റ്റികളും ഉള്‍പ്പടെയാണ് സച്ചിന്‍ ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്. 

ടീം ഇന്ത്യക്കായി 491 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള കിംഗ് കോലി 74 സെഞ്ചുറികളും 129 അര്‍ധസെഞ്ചുറികളും സഹിതം 24948 റണ്‍സ് അടിച്ചുകൂട്ടി. ടെസ്റ്റില്‍ 27 ഉം ഏകദിനത്തില്‍ 46 ഉം ടി20യില്‍ ഒന്നും ശതകങ്ങളാണ് കോലിക്കുള്ളത്. ടെസ്റ്റില്‍ 8131 ഉം ഏകദിനത്തില്‍ 12809 ഉം ടി20യില്‍ 4008 ഉം റണ്‍സ് സ്വന്തമാക്കി. വെള്ളിയാഴ്‌ച ദില്ലിയിലാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്ക് എതിരെ ടീം ഇന്ത്യയുടെ രണ്ടാമത്തെ ടെസ്റ്റ് തുടങ്ങുക. 

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൂര്യകുമാര്‍ യാദവ്. 

ദില്ലി ടെസ്റ്റ് ചരിത്രമാകും; നാഴികക്കല്ല് പിന്നിടാന്‍ രണ്ടാം വന്‍മതില്‍ ചേതേശ്വര്‍ പൂജാര