ഓസീസിന് നിലവില്‍ 126 റേറ്റിംഗും ഇന്ത്യക്ക് 115 റേറ്റിംഗുമാണുള്ളത്. 107 റേറ്റിംഗുമായി ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. 

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ നാഗ്‌പൂര്‍ ടെസ്റ്റിലെ വിജയത്തിന് ശേഷം ടീം ഇന്ത്യയെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതായി തെറ്റായി അവതരിപ്പിച്ച് ഐസിസി പുലിവാല്‍ പിടിച്ചിരുന്നു. തലപ്പത്തുള്ള ഓസീസിനെ ഇന്ത്യ മറികടന്നു എന്നായിരുന്നു ഐസിസി ആദ്യം പുറത്തുവിട്ട റാങ്കിംഗിലുണ്ടായിരുന്നത്. എന്നാല്‍ ഓസീസ് തന്നെയാണ് തലപ്പത്തെന്നും ഇന്ത്യ രണ്ടാമത് മാത്രമാണ് എന്നും ഐസിസി പിന്നാലെ തിരുത്തി. പക്ഷേ, ഇന്ത്യന്‍ ടീമിന് ടെസ്റ്റ് റാങ്കിംഗില്‍ ഔദ്യോഗികമായി മുന്നിലെത്താനുള്ള സുവര്‍ണാവസരം മുന്നില്‍ തെളിഞ്ഞിരിക്കുകയാണ്. 

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് വിജയിച്ചാല്‍ ടീം ഇന്ത്യ റാങ്കിംഗില്‍ ഒന്നാമതെത്തും. ഓസീസിന് നിലവില്‍ 126 റേറ്റിംഗും ഇന്ത്യക്ക് 115 റേറ്റിംഗുമാണുള്ളത്. 107 റേറ്റിംഗുമായി ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര വിജയിച്ചാല്‍ ഇംഗ്ലണ്ടിന് റാങ്കിംഗില്‍ നേട്ടമുണ്ടാകും. ഓസീസിനെതിരെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീം ഇപ്പോള്‍ 2-0ന് മുന്നില്‍ നില്‍ക്കുകയാണ്. ഇന്‍ഡോറില്‍ മാര്‍ച്ച് ഒന്നിന് മൂന്നാം ടെസ്റ്റും അഹമ്മദാബാദില്‍ 9ന് നാലാം ടെസ്റ്റും ആരംഭിക്കും. ഇന്‍ഡോറിലെ ജയത്തോടെ ടെസ്റ്റ് ഒന്നാമതെത്തിയാല്‍ ഒരേസമയം മൂന്ന് ഫോര്‍മാറ്റിലും ടീം ഇന്ത്യ ചരിത്രത്തിലാദ്യമായി തലപ്പത്ത് എത്തും. മൂന്ന് ഫോര്‍മാറ്റിലും ടീമിനെ ഒരേസമയം മുന്നിലെത്തിച്ച ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന നേട്ടം രോഹിത് ശര്‍മ്മ സ്വന്തമാക്കുകയും ചെയ്യും. 

പണി പാളി ഐസിസി

നേരത്തെ, സിംബാബ്‌വെ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയുടെ അവസാനത്തോടെ പുതിയ റാങ്കിംഗ് പ്രഖ്യാപിച്ചപ്പോഴാണ് അബദ്ധം പിണഞ്ഞ് ഇന്ത്യന്‍ ടീമിനെ ഒന്നാമതായി ഐസിസി ചിത്രീകരിച്ചത്. ഇന്ത്യ ഒന്നാമതും ഓസീസ് രണ്ടാമതുമായായിരുന്നു ഈ റാങ്കിംഗില്‍ കാണിച്ചിരുന്നത്. എന്നാല്‍ നാല് മണിക്കൂറിന് ശേഷം ഓസീസിനെ ഒന്നാം സ്ഥാനക്കാരായി തിരികെ പ്രഖ്യാപിച്ച് ഐസിസി പുതിയ റാങ്കിംഗ് പുറത്തുവിട്ടു. സാങ്കേതിക തകരാർ കാരണം സംഭവിച്ച പിഴവാണ് ഇന്ത്യന്‍ ടീമിനെ തെറ്റായി ഒന്നാമതാക്കിയത് എന്ന വിശദീകരണം ഐസിസി നല്‍കുകയും ചെയ്‌തു. 

ഭീഷണിയായി അയല്‍ക്കാര്‍; ഇന്ത്യന്‍ ടീമിന് എങ്ങനെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാം