ഇന്‍ഡോര്‍ ടെസ്റ്റിലെ ടീം സെലക്ഷനില്‍ കടുത്ത തീരുമാനങ്ങള്‍ക്ക് നായകന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും മുതിരേണ്ടിവരും

ഇന്‍ഡോര്‍: മൂന്ന് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ടീം ഇന്ത്യ ഇന്‍ഡോറില്‍ ഓസീസിനെതിരെ മൂന്നാം ടെസ്റ്റിന് മാര്‍ച്ച് ഒന്നിന് ഇറങ്ങുക. ഓസ്‌ട്രേലിയക്ക് എതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ 3-0ന്‍റെ ലീഡ് നേടുക, ഇതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുക. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമെത്തുക. എന്നാല്‍ ഈ മൂന്ന് പ്രതീക്ഷകള്‍ക്കൊപ്പം അത്രതന്നെ വെല്ലുവിളികളും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്‍ഡോറില്‍ കാത്തിരിപ്പുണ്ട്. 

ഇന്‍ഡോര്‍ ടെസ്റ്റിലെ ടീം സെലക്ഷനില്‍ കടുത്ത തീരുമാനങ്ങള്‍ക്ക് നായകന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും മുതിരേണ്ടിവരും. ഫോമിലല്ലാഞ്ഞിട്ടും അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡില്‍ നിലനിര്‍ത്തിയ ഓപ്പണര്‍ കെ എല്‍ രാഹുലിനെ വീണ്ടും കളിപ്പിച്ചാല്‍ ആരാധകര്‍ പൊറുക്കില്ല. ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലാണ് രാഹുലിന് പകരം പുറത്ത് അവസരം കാത്തിരിക്കുന്നത്. അതിനാല്‍ രാഹുലോ ഗില്ലോ ഇന്‍ഡോറില്‍ ഇറങ്ങണം എന്നതില്‍ വന്‍ തീരുമാനം അനിവാര്യമാണ്. കെ എല്‍ രാഹുലിനെ ഇതിനകം ഉപനായക സ്ഥാനത്ത് നിന്ന് നീക്കിയ ടീം മാനേജ്‌മെന്‍റ് എന്ത് തീരുമാനം പ്ലേയിംഗ് ഇലവനിലെ സ്ഥാനത്തിലും കൈക്കൊള്ളും എന്നതാണ് ശ്രദ്ധേയം. 

വിക്കറ്റ് കീപ്പര്‍ ബാറ്ററായി ആദ്യ രണ്ട് ടെസ്റ്റിലും കളിപ്പിച്ച കെ എസ് ഭരതിനെ നിലനിര്‍ത്തണോ അതോ ഇഷാന്‍ കിഷന് അവസരം നല്‍കണോ എന്നതാണ് രോഹിത്തിനും ദ്രാവിഡിനും മുന്നിലുള്ള മറ്റൊരു ചോദ്യം. പരമ്പരയില്‍ വിക്കറ്റിന് പിന്നില്‍ തിളങ്ങിയപ്പോളും 8, 6, 23* എന്നിങ്ങനെ മാത്രമായിരുന്നു ബാറ്റ് കൊണ്ട് ഭരതിന്‍റെ സംഭാവന. റെഡ് ബോളില്‍ മികവ് കാട്ടിയതും രഞ്ജി ട്രോഫിയില്‍ സെഞ്ചുറി നേടിയതും ഇഷാന് പ്രതീക്ഷയേകുന്നു എങ്കിലും ഭരതില്‍ ടീം മാനേജ്‌മെന്‍റ് വിശ്വാസം നിലനിര്‍ത്താനാണ് സാധ്യത.

ബൗളിംഗ് കോംപിനേഷന്‍ സംബന്ധിച്ചാണ് മറ്റൊരു ആശയക്കുഴപ്പം. മൂന്ന് പേസര്‍മാര്‍ വേണോ മൂന്ന് സ്‌പിന്നര്‍മാര്‍ വേണോ എന്നതാണ് ചോദ്യം. ടൂര്‍ണമെന്‍റില്‍ ഇതുവരെ ഇന്ത്യന്‍ സ്‌പിന്നര്‍മാരുടെ വിളയാട്ടമായിരുന്നു. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും മിന്നും ഫോമില്‍ കളിക്കുമ്പോള്‍ പന്ത് കൊണ്ട് വലിയ ചലനം സൃഷ്‌ടിച്ചില്ലെങ്കിലും അക്‌സറിന്‍റെ ബാറ്റിംഗ് ഫോമിന് നേര്‍ക്ക് കണ്ണടയ്‌ക്കാന്‍ രോഹിത് ശര്‍മ്മയ്‌ക്കും രാഹുല്‍ ദ്രാവിഡിനുമാവില്ല. 

ബിസിസിഐയുടെ മാതൃക; പിതാവിന്‍റെ മരണത്തെ തുടര്‍ന്ന് ഉമേഷ് യാദവിന്‍റെ അവധി നീട്ടി നല്‍കി