രണ്ടാംദിനത്തിലെ അവസാന ഓവറില്‍ നേഥന്‍ ലിയോണിനെ രണ്ടാം പന്തില്‍ ശുഭ്‍മാന്‍ ഗില്‍ ക്രീസ് വിട്ടിറങ്ങി കൂറ്റന്‍ സിക്സറിന് പറത്തുകയായിരുന്നു
അഹമ്മദാബാദ്: ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ നാലാം ടെസ്റ്റിനിടെ മൈതാനത്ത് ചിരി പടർത്തിയ സംഭവങ്ങള്‍. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സ് പിന്തുടരവേ രണ്ടാംദിനത്തിന്‍റെ അവസാന സെഷനില്‍ കളി തീരുന്നതിന് തൊട്ടുമ്പ് ഓസീസ് സ്പിന്നർ നേഥന്‍ ലിയോണിനെ ഇന്ത്യന്‍ ഓപ്പണർ ശുഭ്മാന്‍ ഗില്‍ കൂറ്റന്‍ സിക്സിന് പറത്തിയതിലായിരുന്നു സംഭവങ്ങളുടെ തുടക്കം.
രണ്ടാംദിനത്തിലെ അവസാന ഓവറില്‍ നേഥന്‍ ലിയോണിനെ രണ്ടാം പന്തില്‍ ശുഭ്‍മാന്‍ ഗില്‍ ക്രീസ് വിട്ടിറങ്ങി കൂറ്റന്‍ സിക്സറിന് പറത്തുകയായിരുന്നു. ലോംഗ് ഓണിന് മുകളിലൂടെ പന്ത് ചെന്ന് വീണത് സൈഡ് സ്ക്രീനിന്‍റെ ഇടയിലേക്ക്. ഇതോടെ പന്ത് അപ്രത്യക്ഷമായി. പന്ത് തപ്പിയെടുക്കാന്‍ വൈകിയതോടെ മത്സരം തടസപ്പെട്ടു. ഇന്ന് നാല് പന്തുകള്‍ മാത്രമാണ് അവശേഷിച്ചിരുന്നത് എങ്കിലും കളിച്ചുകൊണ്ടിരുന്ന പന്ത് അപ്രത്യക്ഷമായതോടെ അംപയർമാർ പുതിയ ബോള്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങി. അംപയർമാർ പരിശോധിച്ച ശേഷം പുതിയ ബോള്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ തൊട്ടുപിന്നാലെ ഒരാള്‍ സൈഡ് സ്ക്രീനിന്‍റെ വിടവിലൂടെ ഉള്ളിലേക്ക് ഊഴ്ന്നിറങ്ങി പന്ത് കണ്ടെത്തി. ഇയാള്‍ ആരാധകനാണോ ഗ്രൗണ്ട് സ്റ്റാഫാണോ എന്ന് വ്യക്തമല്ല. എന്തായാലും ഒളിച്ചുകിടന്ന പന്ത് കിട്ടിയ സന്തോഷത്തില്‍ അയാളത് ഉയർത്തിക്കാട്ടിയതും മൈതാനത്ത് നിർത്താതെ കരഘോഷമായി. ഇതുകണ്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മയ്ക്കും ചിരി അടയ്ക്കാനായില്ല.
ഓസീസിന്‍റെ കൂറ്റന്‍ സ്കോർ പിന്തുടരുന്ന ടീം ഇന്ത്യ രണ്ടാംദിനം സുരക്ഷിതമായി അവസാനിപ്പിച്ചു. സ്റ്റംപ് എടുത്തപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശർമ്മ 33 പന്തില്‍ 17* ഉം ശുഭ്‍മാന്‍ ഗില്‍ 27 പന്തില്‍ 18* ഉം റണ്ണുമായി ക്രീസില്‍ നില്‍ക്കുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉസ്മാന്‍ ഖവാജ(422 പന്തില്‍ 180), കാമറൂണ്‍ ഗ്രീന്‍(170 പന്തില്‍ 114) എന്നിവരുടെ കരുത്തിലാണ് 167.2 ഓവറില്‍ 480 റണ്‍സെടുത്തത്. വാലറ്റത്ത് ടോഡ് മർഫിയുടെ 41 ഉം നേഥന്‍ ലിയോണിന്‍റെ 34 ഉം നിർണായകമായി. നായകന്‍ സ്റ്റീവ് സ്മിത്ത് 38 റണ്‍സെടുത്തും ട്രാവിഡ് ഹെഡ് 32ലും പുറത്തായി. ലബുഷെയ്ന് മൂന്നേ നേടാനായുള്ളൂ.
ഉമേഷ് യാദവിന്‍റെ മരണ ബൗണ്‍സർ, ഒഴിവായത് വന്‍ ദുരന്തം; തലയില്‍ പാട് വീണ് ലിയോണ്‍!
