ഇന്ത്യയില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന വിദേശ ബൗളർ എന്ന നേട്ടമാണ് നേഥന്‍ ലിയോണ്‍ സ്വന്തമാക്കിയ
അഹമ്മദാബാദ്: ബോർഡർ-ഗാവസ്‍കർ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ പതിവ് ഫോമിലേക്ക് എത്തിയില്ലെങ്കിലും ഇന്ത്യക്കെതിരെ ഇതിനകം രണ്ട് വിക്കറ്റുകള്‍ നേടിയിട്ടുണ്ട് ഓസീസ് സ്റ്റാർ സ്പിന്നർ നേഥന്‍ ലിയോണ്‍. സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍, അർധസെഞ്ചുറിക്ക് അരികെ ശ്രീകർ ഭരത് എന്നിവരെയാണ് ലിയോണ്‍ പുറത്താക്കിയത്. ഇതോടെ ഒരു ലോക റെക്കോർഡ് ലിയോണിന് സ്വന്തമാക്കാനായി.
ഇന്ത്യയില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന വിദേശ ബൗളർ എന്ന നേട്ടമാണ് നേഥന്‍ ലിയോണ്‍ സ്വന്തമാക്കിയത്. അഹമ്മദാബാദ് ടെസ്റ്റില്‍ കെ എസ് ഭരതിനെ പുറത്താക്കിയതോടെ ലിയോണിന്‍റെ വിക്കറ്റ് നേട്ടം 55 ആയി. 54 വിക്കറ്റ് നേടിയ ഇംഗ്ലണ്ടിന്‍റെ ഡെരേക് അണ്ടർവുഡിന്‍റെ റെക്കോർഡ് ലിയോണ്‍ തകർത്തു. 52 വിക്കറ്റുമായി റിച്ചീ ബെനൗഡാണ് മൂന്നാം സ്ഥാനത്ത്. 43 വിക്കറ്റുമായി കോട്നി വാല്‍ഷ് നാലും 40 വിക്കറ്റുമായി മുത്തയ്യ മുരളീധരനുമാണ് അടുത്ത സ്ഥാനങ്ങളില്‍.
അതേസമയം അഹമ്മദാബാദ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സ് പിന്തുടരുന്ന ടീം ഇന്ത്യ നാല് വിക്കറ്റ് കയ്യിലിരിക്കേ 76 റണ്‍സിന്‍റെ ലീഡാണ് ഇതുവരെ നേടിയിട്ടുള്ളത്. നാലാം ദിനം അവസാന സെഷന്‍ പുരോഗമിക്കുമ്പോള്‍ 556-6 എന്ന നിലയിലാണ് ടീം. 128 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന് പിന്നാലെ വിരാട് കോലിയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. കോലി 175* ഉം രവി അശ്വിന്‍ 1* ഉം റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. ശുഭ്മാന്‍ ഗില്‍(128), രോഹിത് ശർമ്മ(35), ചേതേശ്വർ പൂജാര(42), രവീന്ദ്ര ജഡേജ(28), കെ എസ് ഭരത്(44), അക്സർ പട്ടേല്‍(79) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
നേരത്തെ നേരത്തെ ഉസ്‌മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 422 പന്ത് നേരിട്ട് ഖവാജ 180 ഉം, 170 പന്ത് നേരിട്ട് ഗ്രീന്‍ 114 ഉം റണ്‍സ് സ്വന്തമാക്കി. വാലറ്റത്ത് നേഥന്‍ ലിയോണും(34), ടോഡ് മര്‍ഫിയും(41) നേടിയ റണ്ണുകള്‍ നിര്‍ണായകമായി. നായകന്‍ സ്റ്റീവ് സ്മിത്ത് 38ലും ട്രാവിസ് ഹെഡ് 32ലും പുറത്തായി. ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ ആറ് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും ഓരോ വിക്കറ്റ് നേടി.
