ലോകത്തെ എല്ലാ സാഹചര്യങ്ങളിലും ഫോം കണ്ടെത്തുന്നതാണ് കോലിയുടെ സവിശേഷത എന്ന് ഗംഭീര്‍
ദില്ലി: ഓസ്ട്രേലിയക്കെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ വിരാട് കോലിയുടെ ബാറ്റില്‍ നിന്ന് സെഞ്ചുറിയൊന്നും ഇതുവരെ പിറന്നിട്ടില്ല. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 25000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ വിരാട് കോലി പരമ്പരയ്ക്കിടെ മറികടന്നു. ദില്ലി ടെസ്റ്റിനിടെയായിരുന്നു കോലിയുടെ നേട്ടം. ഇതിന് പിന്നാലെ കോലിയെ പ്രശംസിക്കാന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ മറന്നില്ല. ലോകത്തെ എല്ലാ സാഹചര്യങ്ങളിലും ഫോം കണ്ടെത്തുന്നതാണ് കോലിയുടെ സവിശേഷത എന്ന് ഗംഭീര്‍ പ്രശംസിച്ചു.
'വേഗത്തില്‍ 25000 റണ്‍സ് നേടിയ താരങ്ങളുടെ പട്ടിക എനിക്കറിയില്ല. എന്നാല്‍ വിരാട് കോലിയുടെ പ്രത്യേകത ഇന്ത്യയിലെ പോലെ തന്നെ ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും പ്രകടനം കാഴ്‌ചവെച്ചു. പട്ടികയില്‍ ഓസീസ്, ദക്ഷിണാഫ്രിക്കന്‍ താരങ്ങളുണ്ടെങ്കില്‍ ഉപഭൂഖണ്ഡത്തിലെ അവരുടെ പ്രകടനം കൂടി താരതമ്യം ചെയ്യണം. 50 ഓവര്‍ ക്രിക്കറ്റില്‍ കോലി മാസ്റ്ററാണ്. ടെസ്റ്റില്‍ 27 സെഞ്ചുറികളും 28 അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും സെഞ്ചുറി നേടി. ഇതില്‍ക്കൂടുതല്‍ എന്ത് നേട്ടം കൈവരിക്കാനാണ്?
25000 റണ്‍സ് നേടുക അത്ര നിസ്സാര കാര്യമല്ല. ഒട്ടേറെ ഉയര്‍ച്ച താഴ്‌ചകള്‍ കണ്ടിട്ടുണ്ടെങ്കിലും കോലി സ്ഥിരത തുടര്‍ന്നുകൊണ്ടിരുന്നു. അയാളുടെ കളി ഏറെ മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. നിങ്ങളുടെ സ്റ്റാന്‍സ്, സാങ്കേതികത, കരുത്തും ന്യൂനതകളും, പുറത്താകുന്ന രീതി, വൈകാരികത...അങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ മാറ്റം വന്നുകാണും. ഇക്കാര്യങ്ങളെയെല്ലാം തന്‍റെ വരുതിക്ക് നിര്‍ത്തി 25000 റണ്‍സ് അടിച്ചുകൂട്ടുക നിസ്സാരമല്ല' എന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്‌സില്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വേഗത്തില്‍ 25000 റണ്‍സ് ക്ലബിലെത്തുന്ന ബാറ്ററായി വിരാട് കോലി മാറിയിരുന്നു. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ 577 ഇന്നിംഗ്‌സിലുണ്ടായിരുന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്ക് 549 ഇന്നിംഗ‌്‌സുകളേ വേണ്ടിവന്നുള്ളൂ. 588 ഇന്നിംഗ്‌സുകളില്‍ ക്ലബിലെത്തിയ ഓസീസ് ബാറ്റിംഗ് ഇതിഹാസം റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്. പട്ടികയില്‍ പിന്നാലെയുള്ള ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിന് നേട്ടത്തിലെത്താന്‍ 594 ഉം ലങ്കന്‍ മുന്‍ താരങ്ങളായ കുമാര്‍ സംഗക്കാരയ്ക്ക് 608 ഉം മഹേള ജയവര്‍ധനെയ്ക്ക് 701 ഉം ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നു.
രാജ്യാന്തര കരിയറില്‍ 25000 റണ്‍സ്; സാക്ഷാല്‍ സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് കിംഗ് കോലി
