മറ്റ് ചില മാറ്റങ്ങളും ഐപിഎല്‍ നിയമാവലിയില്‍ വരുന്നുണ്ട് എന്നും ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍‌ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

മുംബൈ: ഐപിഎല്‍ 2023 സീസണില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. നിലവില്‍ ടോസിന് മുമ്പാണ് പ്ലേയിംഗ് ഇലവന്‍ പട്ടിക ക്യാപ്റ്റന്‍മാര്‍ തമ്മില്‍ കൈമാറുന്നത് എങ്കില്‍ പുതിയ നിയമം പ്രകാരം ടോസിന് ശേഷമാകും പേരുകള്‍ കൈമാറുക. ടോസ് ലഭിക്കുന്നതിന് അനുസരിച്ച് ബാറ്റിംഗിനും ബൗളിംഗിനും ഉചിതമായ പ്ലേയിംഗ് ഇലവനെ ഇറക്കാന്‍ ഇതിലൂടെ ടീമുകള്‍ക്ക് സാധിക്കും. ഇത് ടീമുകള്‍ക്ക് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കൂടുതല്‍ ഗുണപരമായ ഇലവനെ തെരഞ്ഞെടുക്കാന്‍ വഴിയൊരുക്കും എന്നാണ് കരുതപ്പെടുന്നത്. ടോസിന് ശേഷം ടീമിനെ പ്രഖ്യാപിക്കുന്ന രണ്ടാം ടി20 ലീഗാണ് ഐപിഎല്‍. നേരത്തെ ദക്ഷിണാഫ്രിക്ക ട്വന്‍റി 20 ചാമ്പ്യന്‍ഷിപ്പില്‍ ഇത് നടപ്പാക്കിയിരുന്നു. 

മറ്റ് ചില മാറ്റങ്ങളും ഐപിഎല്‍ നിയമാവലിയില്‍ വരുന്നുണ്ട് എന്നും ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍‌ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീടുള്ള ഓരോ പന്തിനും 30 വാര സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാരെ മാത്രമേ അനുവദിക്കൂ. വിക്കറ്റ് കീപ്പര്‍ അന്യായമായി ചലിച്ചാല്‍ പന്ത് ഡെഡ് ബോളായി വിധിക്കപ്പെടുകയും എതിര്‍ ടീമിന് 5 പെനാല്‍റ്റി റണ്‍സ് അനുവദിക്കപ്പെടുകയും ചെയ്യും. സമാനമായി ഫീല്‍ഡര്‍ അന്യായമായി ചലിച്ചാലും പന്ത് ഡെഡ് ബോളാവുകയും അഞ്ച് റണ്‍സ് പിഴ ഈടാക്കുകയും ചെയ്യും. 

മാര്‍ച്ച് 31ന് ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തോടെയാണ് ഐപിഎല്ലിന്‍റെ പതിനാറാം സീസണിന് തുടക്കമാവുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന മത്സരം. ഗുജറാത്ത് ടൈറ്റന്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും പുറമെ ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളാണ് ഐപിഎല്ലിലുള്ളത്.

സിറാജ് മുഴുനീളെ പറന്ന് പരമാവധി നോക്കി; എന്നിട്ടും ക്യാച്ച് പാഴായതിന് കലിപ്പായി ജഡേജ- വീഡിയോ