മുംബൈ: ലോകകപ്പ് ഫുട്‌ബോളിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുമായി ഇന്ത്യ സൗഹൃദമത്സരം കളിച്ചേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായെന്നാണ് വിവരം. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഡെവോര്‍ സുകറുമായി ഇക്കാര്യം സംസാരിച്ചു. 

ക്രൊയേഷ്യന്‍ ടീം നവംബറില്‍ ഇന്ത്യയിലെത്തുമെന്നാണ് അറിയുന്നത്. ക്രൊയേഷ്യക്കാരനായ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ ഇടപെടലും സൗഹൃദ മത്സരത്തിന് കാരണമായി. ടീം ഡയറക്ടര്‍ അഭിഷേക് യാദവും ചര്‍ച്ചയില്‍ പങ്കെടുത്തു. മത്സരത്തിന് മുമ്പ് ക്രൊയേഷ്യയില്‍ നിന്നുള്ള സംഘം സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമാകുകയുള്ളു.

ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്രൊയേഷ്യന്‍ ലീഗില്‍ പരിശീലനം നല്‍കുന്നതും ചര്‍ച്ചയായി. മാത്രമല്ല, ഇന്ത്യയില്‍ അക്കാദമികള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു.