ധരംശാലയില്‍ ബാറ്റര്‍മാരെ വട്ടംകറക്കി അശ്വിനും കുല്‍ദീപും, അഞ്ചാം ടെസ്റ്റിലും തോല്‍വി മണത്ത് ഇംഗ്ലണ്ട്
ധരംശാല: ഇന്ത്യക്കെതിരായ പരമ്പരയിലെ അഞ്ചാം ടെസ്റ്റിലും ഇംഗ്ലണ്ട് കനത്ത തോല്‍വി മണക്കുന്നു. 259 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം ആദ്യ സെഷന്‍ അവസാനിച്ചപ്പോള്‍ 22.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയിലാണ്. രവിചന്ദ്രന്‍ അശ്വിന്‍ നാലും കുല്‍ദീപ് യാദവ് ഒന്നും വിക്കറ്റുമായി ട്രാക്കിലാണ്. ഇന്ത്യന്‍ സ്കോറിനേക്കാള്‍ 156 റണ്‍സ് പിന്നിലാണ് നിലവില്‍ ഇംഗ്ലണ്ട് നില്‍ക്കുന്നത്. 35* എടുത്ത ജോ റൂട്ട് മാത്രമാണ് സന്ദര്‍ശകരുടെ പ്രതീക്ഷ. ധരംശാലയില്‍ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് തോല്‍വി വഴങ്ങുമോ എന്ന ആകാംക്ഷയാണ് നിലനില്‍ക്കുന്നത്.
ഇംഗ്ലണ്ടിന് മേല്‍ ആഷ്
സ്‌പിന്നര്‍മാര്‍ അരങ്ങുവാണ ആദ്യ ഇന്നിംഗ്‌സിന് ശേഷം രണ്ടാം ഇന്നിംഗ്‌സിലും ഇംഗ്ലണ്ടിന് ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ വലിയ വെല്ലുവിളിയാവുകയാണ്. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്‌സിലെ 2-ാം ഓവറില്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ബെന്‍ ഡക്കെറ്റിനെ രണ്ട് റണ്‍സില്‍ നില്‍ക്കേ ബൗള്‍ഡാക്കി തുടങ്ങി. കൃത്യമായ ഇടവേളകളില്‍ സാക്ക് ക്രോലി (16 പന്തില്‍ 0), ഓലീ പോപ് (23 പന്തില്‍ 19) എന്നിവരെയും അശ്വിന്‍ മടക്കിയതോടെ ഇംഗ്ലണ്ട് 36-3 എന്ന നിലയിലായി. ഇതിന് ശേഷം ജോ റൂട്ടിനൊപ്പം വേഗം സ്കോറിംഗിന് ശ്രമിക്കവെ ജോണി ബെയ്‌ര്‍സ്റ്റോയെ കുല്‍ദീപ് എല്‍ബിയില്‍ കുടുക്കിയതോടെ ഇംഗ്ലണ്ട് കൂടുതല്‍ പ്രതിസന്ധിയിലാവുകയായിരുന്നു. ബെയ്‌ര്‍സ്റ്റോ 31 ബോളില്‍ 39 റണ്‍സാണെടുത്തത്. വീണ്ടും പന്തെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ (10 പന്തില്‍ 2) ബൗള്‍ഡാക്കി അശ്വിന്‍ നാല് വിക്കറ്റ് തികച്ചു.
ജിമ്മിക്ക് 700*
ധരംശാലയില്‍ ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ 259 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കുകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്‌സ് സ്കോറായ 218 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 124.1 ഓവറില്‍ 477 റണ്‍സില്‍ പുറത്തായി. 473-8 എന്ന സ്കോറില്‍ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് നാല് റണ്‍സ് കൂടിയേ സ്കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായുള്ളൂ. ഇതിനിടെ ഇംഗ്ലീഷ് പേസ് ഇതിഹാസം ജിമ്മി ആന്‍ഡേഴ്‌സണ്‍ 700 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ചു. എഴുന്നൂറ് വിക്കറ്റ് ക്ലബിലെത്തുന്ന ആദ്യ പേസറാണ് ആന്‍ഡേഴ്‌സണ്‍. ഇംഗ്ലണ്ടിനായി സ്‌പിന്നര്‍ ഷൊയൈബ് ബഷീര്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതു. ആന്‍ഡേഴ്‌സണിന് പുറമെ ടോം ഹാര്‍ട്‌ലിയും രണ്ട് വിക്കറ്റ് പേരിലാക്കി.
രോഹിത്, ഗില്ലാട്ടം
നായകനും ഓപ്പണറുമായ രോഹിത് ശര്‍മ്മ (103), മൂന്നാമന്‍ ശുഭ്‌മാന്‍ ഗില്‍ (110) എന്നിവരുടെ സെഞ്ചുറികളാണ് ടീം ഇന്ത്യക്ക് മികച്ച സ്കോറൊരുക്കിയത്. യശസ്വി ജയ്‌സ്വാള്‍ (57), ദേവ്‌ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന്‍ (56) എന്നിവര്‍ അര്‍ധസെഞ്ചുറികള്‍ നേടി. രവീന്ദ്ര ജഡേജ (15), ധ്രുവ് ജൂറെല്‍ (15), രവിചന്ദ്രന്‍ അശ്വിന്‍ (0), കുല്‍ദീപ് യാദവ് (69 പന്തില്‍ 30), ജസ്പ്രീത് ബുമ്ര (64 പന്തില്‍ 20), മുഹമ്മദ് സിറാജ് (2 പന്തില്‍ 0*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്കോറുകള്‍. നേരത്തെ ഇംഗ്ലണ്ട് 218 റണ്‍സില്‍ പുറത്തായപ്പോള്‍ 79 റണ്‍സ് നേടിയ സാക്ക് ക്രോലിയാണ് ടോപ് സ്കോറര്‍.
