നാലാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിന് കൈവിരലില്‍ പരിക്കേറ്റു. ഇതോടെ ബുധനാഴ്ച മാഞ്ചസ്റ്ററില്‍ തുടങ്ങുന്ന നാലാം ടെസ്റ്റില്‍ അര്‍ഷ്ദീപ് കളിക്കാനുള്ള സാധ്യത മങ്ങി. 

മാഞ്ചസ്റ്റര്‍:മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ബുധനാഴ്ച തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി. നാലാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിന് കൈവിരലില്‍ പരിക്കേറ്റു. അര്‍ഷ്ദീപിന്‍റെ ഇടം കൈയിലെ വിരലുകൾക്കാണ് പരിക്കേറ്റത്. ഉടന്‍ മെഡിക്കല്‍ സഹായം നല്‍കിയ അര്‍ഷ്ദീപിന്‍റെ കൈയിലെ മുറിവില്‍ തുന്നല്‍ ഇടേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ ബുധനാഴ്ച മാഞ്ചസ്റ്ററില്‍ തുടങ്ങുന്ന നാലാം ടെസ്റ്റില്‍ അര്‍ഷ്ദീപ് കളിക്കാനുള്ള സാധ്യത മങ്ങി. പരമ്പരയില്‍ ഇതുവരെ അവസരം കിട്ടാത്ത പേസറാണ് അര്‍ഷ്ദീപ് സിംഗ്. ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മാത്രം കളിക്കുമെന്ന് വ്യക്തമാക്കിയ ജസ്പ്രീത് ബുമ്ര നാലാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നാല്‍ പകരം അര്‍ഷ്ദീപിന് അവസരം ലഭിക്കുമെന്നായിരുന്നു കുതിയിരുന്നത്. ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരെ ജോ റൂട്ട് അടക്കമുള്ള ഇംഗ്ലണ്ട് താരങ്ങള്‍ക്കുള്ള ബലഹീനത മുതെലെടുക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്.

എന്നാല്‍ ബൗള്‍ ചെയ്യുന്ന കൈയില്‍ തന്നെ തുന്നലിട്ടതോടെ നാലാം ടെസ്റ്റിലും അര്‍ഷ്ദീപ് പ്ലേയിംഗ് ഇവനിലെത്താനുള്ള സാധ്യത തീര്‍ത്തും മങ്ങി. ഇതോടെ ബുമ്ര വിട്ടുനിന്നാല്‍ പ്രസിദ്ധ് കൃഷ്ണ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയേക്കും. അതിനിടെ ലോര്‍ഡ്സ് ടെസ്റ്റില്‍ കീപ്പിംഗിനിടെ പരിക്കേറ്റ റിഷഭ് പന്ത് മാഞ്ചസ്റ്ററിലും കീപ്പ് ചെയ്യാന്‍ സാധ്യതില്ലെന്നാണ് റിപ്പോർട്ട്. റിഷഭ് പന്ത് ബാറ്ററായി മാത്രം കളിച്ചാല്‍ ധ്രുവ് ജുറെലിനെ വിക്കറ്റ് കീപ്പറായി ടീമിലുള്‍പ്പെടുത്തേണ്ടിവരും.

ഈ സാഹചര്യത്തില്‍ ബാറ്റിംഗ് നിരയില്‍ കരുണ്‍ നായരാകും പുറത്താകുക എന്നാണ് കരുതുന്നത്.ലോര്‍ഡ്സ് ടെസ്റ്റിലും റിഷഭ് പന്ത് പരിക്കേറ്റ് മടങ്ങിയശേഷം ധ്രുവ് ജുറെലായിരുന്നു വിക്കറ്റ് കീപ്പറായത്. എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 31 ഉം രണ്ടാം ഇന്നിംഗ്സില്‍ 32 ഉം എക്സ്ട്രാസ് അടക്കം മത്സരത്തില്‍ 63 എക്സ്ട്രാസ് ആണ് ഇന്ത്യ വഴങ്ങിയത്. ഇതില്‍ രണ്ടാം ഇന്നിംഗ്സില്‍ വഴങ്ങിയ 32 എക്സ്ട്രാസില്‍ 25 റണ്‍സും ബൈ റണ്‍സായിരുന്നു. ഇന്ത്യ കളി തോറ്റതാകട്ടെ 22 റണ്‍സിനുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക