17 വർഷത്തെ കരിയറിൽ നൽകിയ പിന്തുണയ്ക്ക് എല്ലാവരോടും നന്ദിയറിയിക്കുന്നുവെന്ന് റോസ് ടെയ്‌ലർ ട്വീറ്റ് ചെയ്തു
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലൻഡ് ബാറ്റിംഗ് ഇതിഹാസം റോസ് ടെയ്‌ലര്‍ അന്താരാഷ്‍ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയും ഓസ്ട്രേലിയ, നെതർലൻഡ്‌സ് ടീമുകൾക്കെതിരെയുള്ള ഏകദിന പരമ്പരയിലും കളിച്ചാണ് ടെയ്‌ലര്‍ പാഡഴിക്കുക. 17 വർഷത്തെ കരിയറിൽ നൽകിയ പിന്തുണയ്ക്ക് എല്ലാവരോടും നന്ദിയറിയിക്കുന്നുവെന്ന് റോസ് ടെയ്‌ലർ ട്വീറ്റ് ചെയ്തു.
37കാരനായ റോസ് ടെയ്‌ലർ 110 ടെസ്റ്റിലും 233 ഏകദിനങ്ങളിലും 102 ട്വന്‍റി 20യിലും കളിച്ചിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ന്യൂസിലൻഡിന്‍റെ എക്കാലത്തെയും മികച്ച ടോപ് സ്കോറർ ആണ് റോസ് ടെയ്‌ലർ. ടെസ്റ്റില്‍ 19 സെഞ്ചുറികളും മൂന്ന് ഇരട്ട സെഞ്ചുറികളും സഹിതം 7585 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 290 ആണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 21 ശതകങ്ങള്‍ ഉള്‍പ്പടെ 8576 റണ്‍സും രാജ്യാന്തര ടി20യില്‍ ഏഴ് അര്‍ധ സെഞ്ചുറികളോടെ 1909 റണ്‍സും പേരിലാക്കി. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 1017 റണ്‍സും നേടി.
ടെയ്‌ലര്‍ ലോകോത്തരം: വില്യംസണ്‍
'ടെയ്‌ലര്‍ ലോകോത്തര താരമാണ്. എല്ലാ ഫോര്‍മാറ്റുകളിലും അദേഹത്തിനൊപ്പം ഏറെ കൂട്ടുകെട്ടുകള്‍ സൃഷ്‌ടിക്കാന്‍ കഴിഞ്ഞത് സന്തോഷം നല്‍കുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലടക്കമുള്ള അവിസ്‌മരണീയ നിമിഷങ്ങള്‍ ടെയ്‌ലര്‍ക്കൊപ്പം പങ്കിടാനായി' എന്നും ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണ്‍ പ്രതികരിച്ചു. റോസ് ടെയ്‌ലറെ പരിശീലകന്‍ ഗാരി സ്റ്റീഡും പ്രശംസിച്ചു. 'ടീമില്‍ ഏറ്റവുമധികം ബഹുമാനം നേടിയ താരങ്ങളിലൊരാളാണ്. അവിസ്‌മരണീയ കരിയറില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റിന് നല്‍കിയ എല്ലാ സംഭാവനകള്‍ക്കും നന്ദിയറിയിക്കുന്നു. അദേഹത്തിന്‍റെ പ്രതിഭ ലോകോത്തരമാണ്' എന്നും സ്റ്റീഡ് പറഞ്ഞു.
2006ലായിരുന്നു കിവീസ് കുപ്പായത്തില്‍ റോസ് ടെയ്‌ലറുടെ അരങ്ങേറ്റം. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലും 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യ താരം ടെയ്‌ലറാണ്.
SA vs IND: സെഞ്ചൂറിയനില്‍ വിജയത്തിലേക്ക് പന്തെറിഞ്ഞ് ഇന്ത്യ, ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകര്‍ച്ച
